Connect with us

Gulf

ജി സി സി ഗതാഗത വാരത്തിന് ഞായറാഴ്ച തുടക്കമാകും

Published

|

Last Updated

ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സാദ് അല്‍ ഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: ജി സി സി ഗതാഗത വാരാചരണത്തോടനുബന്ധിച്ച് ഖത്വര്‍ ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗം സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ദര്‍ബ് അല്‍ സായില്‍ സ്‌പോര്‍ട്‌സ് റൗണ്ട് എബൗട്ടിനു സമീപമാണ് പരിപാടികള്‍ നടക്കുന്നതെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സാദ് അല്‍ ഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 19 വരെ പരിപാടികല്‍ നീണ്ടു നില്‍ക്കും.
റോഡിലെ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുക എന്നതാണ് വാരാചരണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതം നിയമങ്ങള്‍ പാലിച്ചു കൊണ്ടും സൂക്ഷ്മത പുലര്‍ത്തിയും വാഹനങ്ങള്‍ ഉപയോഗിക്കുക എന്ന സന്ദേശമാണ് നല്‍കാനുള്ളത്. “നിങ്ങളുടെ വിധി നിങ്ങള്‍ തന്നെ തീരുമാനിക്കുക” എന്നതാണ് വാരാചരണത്തിന്റെ സന്ദശം. രണ്ടു വര്‍ഷത്തേക്ക് ഇതേ പ്രമേയം തന്നെ ഉപയോഗിച്ച് വാരാചരണം സംഘടിപ്പിക്കാന്‍ ജി സി സി രാജ്യങ്ങളുടെ ട്രാഫിക് വിഭാഗം ഡയറക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു.
വാരാചരണ പരിപാടികളില്‍ 60ലധികം സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പങ്കെടുക്കും. ദോഹക്കു പുറത്തുള്ള ട്രാഫിക് വിഭാഗം ഓഫീസുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സ്‌കൂളുകളിലും മറ്റും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.