Connect with us

Kerala

താപനില നാല്‍പ്പതില്‍ തന്നെ; ഒട്ടോ ഡ്രൈവര്‍ക്ക് സൂര്യാതാപമേറ്റു

Published

|

Last Updated

പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ താപനില

പാലക്കാട്: ജില്ലയില്‍ ചൂട് വര്‍ധിക്കുന്നു. കല്ലേക്കുളങ്ങര കവളംപ്പാറയിലെ ഓട്ടോ ഡ്രൈവര്‍ പ്രജീഷിന്(30)സൂര്യാതാപമേറ്റു. പജീഷ് ഇന്നലെ കൂട്ടുകാരുമൊത്ത് പന്നിയംപാടത്തിന് സമീപം കോണ്‍ക്രീറ്റ് ജോലിക്ക് പോയിരുന്നു.ജോലിക്കിടെയാണ് ശരീരത്തില്‍ പൊള്ളല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്നു. ഇന്നലെത്തെ ഉയര്‍ന്ന താപനില 40ഉം കുറഞ്ഞ താപനില 27ഡിഗ്രി സെല്‍ഷ്യസുമാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പം 74 ഡിഗ്രിയും. ചൂട് അസഹനീയമായി ഉയര്‍ന്ന സാഹചര്യത്തില്‍ പകല്‍ സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നത് ഒഴിവാക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് ചെറിയ അസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് താപനില 39 ഡിഗ്രിക്ക് താഴെ പോകാന്‍ സാധ്യത കുറവാണെന്ന് മുണ്ടൂര്‍ ഐ ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.
ചൂടിന്റെ ആധിക്യം കാരണം തളര്‍ച്ച, ഓക്കാനം, ഛര്‍ദി, നാഡി മിടിപ്പില്‍ അസാധാരണമായ മാറ്റം, മന്ദത, കടുത്ത വിയര്‍പ്പ്, വയറിളക്കം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം, ചര്‍മം ചുവക്കുന്നത്, ശ്വാസ തടസ്സം, പൊള്ളലേല്‍ക്കുക, കൂടിയ നാഡി മിടിപ്പ്, വിയര്‍ക്കാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ താപാഘാതത്തിന്റേതാണ്.
ചൂടുകൂടിയ സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. എല്ലാ പ്രവൃത്തികളും ചൂടു കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക, ദിവസം എട്ട് ഗ്ലാസ്സ് ശുദ്ധ ജലമെങ്കിലും ഇടക്കിടെയായി കുടിക്കുക, മദ്യം , കഫീന്‍ മുതലായവ ഒഴിവാക്കുക, ഇവ നിര്‍ജലീകരണത്തിന് കാരണമായേക്കാം. ദ്രവ രൂപത്തിലുള്ള ആഹാരങ്ങള്‍ ധാരാളം കഴിക്കുക. കട്ടികുറഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക,
കോട്ടണ്‍ വസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കുക, കുട, സണ്‍ ഗ്ലാസ്സ് തുടങ്ങിയവ ഉപയോഗിക്കുക ഇതെല്ലാം ശരീരം ചൂട് ആഗിരണം ചെയ്യുന്നതിനെ തടയാന്‍ സഹായിക്കും.
ജനാലകള്‍ തുറന്നിട്ട് ഫാന്‍ ഉപയോഗിക്കുന്നത് വഴി വായു സഞ്ചാരം കൂട്ടുന്നതിനും ചൂട് കുറക്കുന്നതിനും സഹായിക്കും. ഇത്തരം പ്രതിരോധങ്ങള്‍ സ്വീകരിച്ച് സൂര്യാഘാതത്തെ നേരിടുന്നതിന് സജ്ജരാകണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.