Connect with us

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം: ബി ജെ പിയില്‍ പൊട്ടിത്തെറി

Published

|

Last Updated

പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി ജെ പി പാലക്കാട് ജില്ലാ നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറി. പാലക്കാട് മണ്ഡലത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം മറികടന്ന് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കയത്. ഇതിനിടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ഉദ്ഘാടനം ശോഭാ സുരേന്ദ്രന് പകരം സി കൃഷ്ണകുമാര്‍ നിര്‍വഹിച്ചതും വിവാദമായി. ഇന്നലെ നടന്ന ബി ജെ പി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഉദ്ഘാടനത്തില്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്. ബി ജെ പിയുടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശോഭാ സുരേന്ദ്രനെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇവരെത്തുന്നതിന് മുമ്പേ തന്നെ സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമറിയിക്കുകയായിരുന്നു. ശോഭാ സുരേന്ദ്രന്‍ എത്തിയപ്പോഴേക്കും ഉദ്ഘാടന പരിപാടി പൂര്‍ണമായും അവസാനിച്ചിരുന്നു.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലം കമ്മറ്റികളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ പാലക്കാട് മണ്ഡലത്തില്‍നിന്ന് ഭൂരിഭാഗം പേരും നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ സി കൃഷ്ണകുമാറിന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. കൃഷ്ണകുമാര്‍ മത്സരിച്ചാല്‍ ബി ജെ പി ക്ക് പുറത്തുള്ള വോട്ടുകള്‍കൂടി നേടാന്‍ കഴിയുമെന്നാണ് ഇവരുടെ വാദം. ഇത് മറികടന്ന് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയാല്‍ രാജിയുള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് പോകാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. ഇക്കാര്യം മണ്ഡലം ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗവും സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്. എന്നാല്‍ സി കൃഷ്ണകുമാര്‍ അനുകൂലികളുടെ വാദം അടിസ്ഥാന രഹിതമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശോഭാ സുരേന്ദ്രന് നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍കഴിയുമെന്നുമാണ് മറുവിഭാഗത്തിന്റെ വാദം. എന്നാല്‍ ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു. രാവിലെ 9.30നാണ് ജില്ലാ തിരഞ്ഞടുപ്പ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനായുള്ള മൂഹൂര്‍ത്തം കണ്ടെത്തിയത്. ഉദ്ഘാടനത്തിനായി ക്ഷണിക്കപ്പെട്ട ശോഭാസുരേന്ദ്രന്‍ വടക്കന്തറ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി പോയിരുന്നു. അവര്‍ എത്തിചേര്‍ന്നതും ക്ഷേത്ര നട അടക്കുകയും ചെയ്തു. പിന്നെ തുറക്കാന്‍ വേണ്ടി കാത്തിരുന്നപ്പോഴേക്കും നേരം വൈകി. മുഹൂര്‍ത്തം തെറ്റിക്കേണ്ടായെന്ന് കരുതി മുതിര്‍ന്ന നേതാക്കളായ രാമന്‍കുട്ടി. എസ് ആര്‍ ബാലസുബ്രഹ്മണ്യം, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സി കൃഷ്ണകുമാറും താനും കൂടി സംയുക്തമായി വിളക്ക് കൊളുത്തി ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശോഭാ സുരേന്ദ്രന്‍ 9.50 യോടെയാണ് എത്തി ചേര്‍ന്നതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. അതേസമയം ജില്ലാ കമ്മിറ്റി സ്ഥാനാര്‍ഥി ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൊടുത്തിട്ടുണ്ടെന്നും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയാണെങ്കില്‍ ജില്ലാ കമ്മിറ്റി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഏതായാലും ബി ജെ പി യുടെ മുഹര്‍ത്തം തെറ്റിക്കാതെയുള്ള ഉദ്ഘാടനം ശോഭാ സുരേന്ദ്രന്റെ പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തിനും പ്രചാരണ രംഗത്തും ഏറെ കടമ്പകള്‍ കടക്കണമെന്നാണ് രഹസ്യമായി സൂചനകള്‍ നല്‍കുന്നതെന്നാണ് പൊതുവെ അഭിപ്രായം.