Connect with us

Kerala

പ്രചാരണം പ്രൊഫഷനലാക്കാന്‍ സി പി എം

Published

|

Last Updated

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണം പ്രൊഫഷനലാക്കാന്‍ സി പി എം. ഓരോ വിഭാഗങ്ങളിലേക്കും ഇറങ്ങിചെല്ലാന്‍ കഴിയും വിധമുള്ള പ്രചാരണങ്ങള്‍ ക്രമീകരിക്കും. പ്രചാരണത്തിനായി പാര്‍ട്ടി തയ്യാറാക്കിയ രൂപരേഖ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. വി എസ് അച്യുതാനന്ദന്റേത് ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇന്നലെ സെക്രട്ടേറിയറ്റിലുണ്ടായില്ലെന്നാണ് സൂചന. സെക്രട്ടേറിയറ്റ് ഇന്നും തുടരും. നാളെ സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.
എല്ലാ മേഖലകളെയും സ്പര്‍ശിക്കും വിധമുള്ള പ്രചാരണത്തിനാണ് സി പി എം രൂപം നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും. പാര്‍ട്ടി ഘടകങ്ങളെ പ്രചാരണ രംഗത്ത് സജീവമായി നിര്‍ത്തുന്നതിനൊപ്പം പരസ്യ ഏജന്‍സികളുടെ സഹായവും തേടും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വിശദീകരിക്കുന്ന ലഘുചിത്രങ്ങള്‍ തയ്യാറാക്കും. ഇവ വ്യാപകമായി പ്രദര്‍ശിപ്പിക്കും. പതിവ് രീതിയില്‍ നിന്ന് മാറി എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഏകീകൃത സ്വഭാവമുണ്ടാക്കും. പോസ്റ്ററുകള്‍, ഹോള്‍ഡിംഗുകള്‍ തുടങ്ങിയവ ഒരേ മാതൃകയില്‍ തയ്യാറാക്കും. യുവവോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയും വിധമുള്ള പ്രചാരണ മാതൃകകളും സ്വീകരിക്കും.
സീറ്റ് വിഭജനം തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് സെക്രട്ടേറിയറ്റിലുണ്ടായത്. ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും എല്ലാവരുമായും ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളത്. അതേസമയം, പി സി ജോര്‍ജ്ജിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായെന്നാണ് വിവരം. ജോര്‍ജിനെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതിനോട് പിണറായി വിജയന്‍ വിയോജിച്ചെന്നാണ് വിവരം. ആര്‍ ബാലകൃഷ്ണപിള്ളക്ക് സീറ്റ് നല്‍കുന്ന കാര്യത്തിലും ഏകാഭിപ്രായം ഉണ്ടായില്ല. എല്‍ ഡി എഫിലെ മറ്റുകകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇന്നലെ പരിഗണനക്ക് വന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ആരെല്ലാം മത്സരിക്കണമെന്നതടക്കം ഇന്ന് പരിഗണിക്കും. സെക്രട്ടേറിയറ്റിലെ മൂന്നിലൊന്ന് പേര് മത്സരിച്ചാല്‍ മതിയെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്.
ഈ നിര്‍ദേശം നടപ്പായാല്‍ അഞ്ച് പേര്‍ക്കെ മത്സരിക്കാന്‍ കഴിയൂ. സിറ്റിംഗ് എം എല്‍ എമാരില്‍ ചിലരെങ്കിലും മാറി നില്‍ക്കാന്‍ നിര്‍ബന്ധിതരാകും. എളമരം കരീം, ഡോ. ടി എം തോമസ് ഐസക്ക്, ഇ പി ജയരാജന്‍, എ കെ ബാലന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിലെ സിറ്റിംഗ് എം എല്‍ എമാര്‍. ഇവരില്‍ കോടിയേരി ഒഴികെയുള്ളവരെല്ലാം വീണ്ടും മത്സരിക്കാന്‍ സന്നദ്ധരായി ഇരിക്കുകയുമാണ്.
ജില്ലാ ഘടകങ്ങള്‍ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയപ്പോള്‍ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് നല്‍കിയത്. സംസ്ഥാന നേതൃത്വം തീരുമാനമെടുത്ത ശേഷം പേര് നിര്‍ദേശിക്കാം എന്നാണ് നിലപാട്. ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ ജെ തോമസ്, വൈക്കംവിശ്വന്‍ തുടങ്ങി പ്രമുഖര്‍ പലരും മത്സര രംഗത്തേക്ക് വരുമെന്ന സൂചനകള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ആരെല്ലാം തഴയപ്പെടുമെന്നതും നിര്‍ണായകം. സിറ്റിംഗ് എം എല്‍ എമാരില്‍ രണ്ട് ടേം കഴിഞ്ഞവരുടെ കാര്യത്തില്‍ എന്തുവേണമെന്നതും ഇന്ന് ചര്‍ച്ച ചെയ്യും.

Latest