Connect with us

International

കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുമെന്ന് കിം ജോംഗ് ഉന്‍

Published

|

Last Updated

സിയൂള്‍: ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ നിര്‍ദേശം. സൈനിക പരിശീലനം തുടങ്ങിയ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഉത്തര കൊറിയ ഇരു രാജ്യങ്ങള്‍ക്കും ആണവായുധ പ്രയോഗം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
അമേരിക്കയെയും ദക്ഷിണ കൊറിയയെയും ചാരമാക്കുമെന്നും ആക്രമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. അതേ സമയം വ്യാഴാഴ്ച പുതിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. കൂടുതല്‍ ആണവ പരീക്ഷണങ്ങളും പൊട്ടിത്തെറികളും ഉണ്ടാകുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ പരീക്ഷണങ്ങളുടെ ഭാഗമായി രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഇവ ജപ്പാന്‍ കടലിലാണ് പതിച്ചതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ ആണവ പരീക്ഷണം നടത്തിയ ശേഷം കൊറിയന്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി വരികയാണ്. അതേസമയം വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായാണ് അമേരിക്കയുമായി സംയുക്ത പരിശീലനം നടത്തുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ നിലപാട്. ഇത് ഉത്തര കൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധമുണ്ടാകുകയാണെങ്കില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് പരിശീലനം നടക്കുന്നതെന്ന് ഉത്തര കൊറിയ കണക്കുകൂട്ടുന്നു. ഉത്തര കൊറിയയുടെ പുതിയ ആണവ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ യു എന്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

Latest