Connect with us

Gulf

പാര്‍കിംഗ് ഫീസ് വര്‍ധന; ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്ന്

Published

|

Last Updated

ദുബൈ: പുതിയ പാര്‍കിംഗ് നിരക്ക് ഘടന മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്ന് ദുബൈയിലെ വാഹന ഉപയോക്താക്കള്‍. ദുബൈയില്‍ പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, മെട്രോ, ട്രാം, അബ്ര, ഫെറി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് പുതിയ നിരക്ക് വര്‍ധന അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് 60 ദിവസത്തിനുശേഷം പുതിയ നിരക്ക് നിലവില്‍ വരും. ഇതോടെ തെരുവോരങ്ങളിലെ പാര്‍കിംഗ് മേഖലകളില്‍ അര മണിക്കൂര്‍ നേരം വാഹനം പാര്‍ക് ചെയ്യുന്നതിന് രണ്ട് ദിര്‍ഹം നല്‍കേണ്ടിവരും. മറ്റിടങ്ങളിലെ പാര്‍കിംഗ് ലോട്ടുകളില്‍ വാഹനം നിര്‍ത്താന്‍ മണിക്കൂറിന് മൂന്ന് ദിര്‍ഹം നല്‍കണം. വാണിജ്യ മേഖലയില്‍ വരുന്ന 30,000 പാര്‍കിംഗ് ലോട്ടുകള്‍ ഉള്‍പെടെയാണ് പുതിയ പാര്‍കിംഗ് നിരക്ക് ബാധകമാവുക.
ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇന്നലെ പുതിയ പാര്‍കിംഗ് നിരക്ക് ഘടന പ്രഖ്യാപിച്ചത്.
ദുബൈയിലെ നിരത്തുകളില്‍ അടുത്ത കാലത്തായി വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഇത് മിക്ക സമയങ്ങളിലും വന്‍ ഗതാഗത കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. റോഡുകളിലെ വാഹനാധിക്യം പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ദുബൈയെ സുസ്ഥിര നഗരമെന്ന ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞ ഫെബ്രുവരി 21ന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറക്കാനും ഇന്ധനലാഭത്തിനും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കാനുമായി കാര്‍ രഹിത ദിനാചരണം സംഘടിപ്പിച്ചിരുന്നു. ഇത് ജനങ്ങള്‍ വന്‍ പങ്കാളിത്തത്തോടെ ഏറ്റെടുക്കുകയും സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നിരവധി പേര്‍ ഇതില്‍ പങ്കാളികളാവുകയും ചെയ്തിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഏറെ സൗകര്യപ്രദവും സാമ്പത്തിക ലാഭവും സുരക്ഷിതത്വവും നല്‍കുന്നതാണ് ദുബൈയിലെ പൊതു ഗതാഗത സംവിധാനങ്ങള്‍. ഷോപ്പിംഗിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മലയാളികളുള്‍പെടെയുള്ള നിരവധി പ്രവാസികള്‍ വളരെ ശ്രദ്ധയോടെയാണ് ഓരോ ദിര്‍ഹവും ചെലവിടുന്നത്. അതേ സമയം പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ ടി എ നടപ്പാക്കിയ പദ്ധതികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ വര്‍ഷവും ആര്‍ ടി എ യുടെ ഗതാഗത സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാഹനങ്ങളുടെ ആധിക്യം കാരണം അവധി ദിനങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ദുബൈയിലെ പേ പാര്‍കിംഗ് കേന്ദ്രങ്ങളില്‍ പലര്‍ക്കും വാഹനം സുരക്ഷിതമായി നിര്‍ത്തിയിട്ടു പോവാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഇപ്പോള്‍തന്നെയുണ്ട്. അതേസമയം ആര്‍ ടി എ പുറത്തിറക്കിയ സ്മാര്‍ട് പാര്‍കിംഗ് ആപ് വഴി പാര്‍കിംഗിന് ടിക്കറ്റെടുക്കാന്‍ കഴിയുമെന്നത് വാഹനയുടമകള്‍ക്ക് സൗകര്യപ്രദമാണ്. ബഹുനില പാര്‍കിംഗ് കേന്ദ്രങ്ങളില്‍ പാര്‍കിംഗ് സൗകര്യമുണ്ടോ എന്നതും ആപ്പ് വഴി അറിയാന്‍ കഴിയും.
വാടക വര്‍ധിച്ചതിനാല്‍ പലരും നഗരത്തില്‍ നിന്ന് അല്‍പം മാറി വാടക കുറഞ്ഞ ഇടങ്ങളിലാണ് താമസിക്കുന്നത്. സ്വന്തമായി വാഹനമുള്ളവര്‍ക്കാണെങ്കില്‍ ഇന്ധനച്ചെലവും പാര്‍കിംഗ് ഫീസ് അടക്കം പലവിധ പ്രശ്‌നങ്ങള്‍ വേറെയും. ജീവിതച്ചെലവിനോടൊപ്പും എമിറേറ്റിലെ സ്‌കൂളുകളില്‍ ഈ വര്‍ഷം സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചതും താങ്ങാനാവുന്നില്ലെന്ന് മിക്ക പ്രവാസികളും പരാതിപ്പെടുന്നു.

 

Latest