Connect with us

Gulf

പത്രങ്ങളുടെ പ്രചാരത്തില്‍ മിഡില്‍ ഈസ്റ്റില്‍ മാറ്റമില്ല

Published

|

Last Updated

ദോഹ: ലോകത്തിന്റെ മറ്റു ഭാഗങ്ങില്‍ നിന്ന് വ്യത്യസ്തമായി മിഡില്‍ ഈസ്റ്റില്‍ വാര്‍ത്താ പത്രങ്ങളുടെ പ്രചാരം മാാറ്റമില്ലാതെ തുടരുന്നതായി റിപ്പോര്‍ട്ട്. അതേസമയം, മാഗസിനുകളുടെയും പത്രങ്ങളുടെയും പരസ്യ വരുമാനം ഇടിഞ്ഞു. ടി വിയുടെ വരുമാനത്തില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഡിജിറ്റല്‍ മേഖലയില്‍ പ്രചാരവും പരസ്യ വരുമാനവും കൂടുകയാണെന്നും മിഡില്‍ ഈസ്റ്റിലെ മാധ്യമ ലോകത്തെ പ്രവണതകള്‍ സംന്ധിച്ച് നടത്തിയ സമഗ്ര പഠനം വ്യക്തമാക്കുന്നു.
ഖത്വറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയും ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി തയ്യാറാക്കിയ മീഡിയ ഇന്‍ഡസ്ട്രീസ് ഇന്‍ ദി മിഡില്‍ ഈസ്റ്റ് 2016 എന്ന റിപോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. മിഡില്‍ ഈസ്റ്റിലെ എല്ലാ വിഭാഗങ്ങളിലും പെട്ട മാധ്യമങ്ങളെക്കുറിച്ചുള്ള പഠനമാണ് തയ്യാറാക്കിയത്.
അറബ് ലോകത്ത് നിര്‍മിക്കുന്ന ആറിലൊന്ന് സ്വതന്ത്ര സിനിമകള്‍ ഖത്വറിന്റെ സഹായത്തോടെ പുറത്തിറങ്ങുന്നവയാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുന്നു. ആകെ പുറത്തിറങ്ങുന്ന സ്വതന്ത്ര അറബ് സിനിമകളില്‍ 17 ശതമാനവും ഖത്വര്‍ നിര്‍മിക്കുന്നു. ഫ്രാന്‍സ്, ഈജിപ്ത്, ലബനാന്‍ എന്നീ രാജ്യങ്ങള്‍ക്കു തൊട്ടുപിറകിലാണ് ഖത്വര്‍. 20 ശതമാനം വീതം സിനിമകളാണ് ഈ രാജ്യങ്ങള്‍ നിര്‍മിക്കുന്നത്.
ഖുംറ ചലചിത്ര മേളയോട് അനുന്ധിച്ചാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സ്വതന്ത്ര സിനിമാ സംവിധായകരില്‍ 26 ശതമാനം വനിതകളാണ്. മുഖ്യധാരാ സിനിമാ രംഗത്ത് ഇത് 13 ശതമാനം മാത്രമാണ്. 2011 മുതല്‍ ഓരോ വര്‍ഷവും 43 ചിത്രങ്ങള്‍ക്കാണ് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഫണ്ട് നല്‍കുന്നത്. അറബ് ലോകത്ത് തന്നെ ഫീച്ചര്‍ ഫിലിമുകള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന ഏജന്‍സിയാണ് ഡി എഫ് ഐ. സനദ് അബുദാബി ഫിലിം ഫണ്ടാണ് രണ്ടാം സ്ഥാനത്ത്. വര്‍ഷത്തില്‍ ശരാശരി 20 സിനിമകള്‍ക്കാണ് സനദ് സഹായം നല്‍കുന്നത്.
സ്വതന്ത്ര സിനിമാ നിക്ഷേപ രംഗത്ത് ഖത്വര്‍ മുന്നിലാണെങ്കിലും സര്‍ഗശേഷിയുടെ കാര്യത്തില്‍ ഇപ്പോഴും മറ്റുരാജ്യങ്ങളേക്കാള്‍ പിന്നിലാണ്. നിര്‍മാതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ പട്ടികയില്‍ രാജ്യത്തു നിന്നുള്ളവര്‍ തുലോം കുറവാണ്.