Connect with us

Kerala

ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത് മുസ്‌ലിം നാമധാരികളായ നിരീശ്വരവാദികള്‍: കാന്തപുരം

Published

|

Last Updated

തൃശൂര്‍ :മുസ്‌ലിം നാമധാരികളായ നിരീശ്വരവാദികളാണ് ഇസ്‌ലാമിനെതിരെ പറയുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വാടാനപ്പള്ളിയില്‍ എസ് എസ് എഫ് പ്രൊഫ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം ചെയ്തും വെട്ടിപ്പിടിച്ചുമല്ല : ഇസ്‌ലാം വളര്‍ന്നത്. കേരളത്തിന്റെ മതസൗഹൃദാന്തരീക്ഷത്തിന് മുറിവേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം. സോഷ്യല്‍ മീഡിയയില്‍ വരുന്നതെന്തും അച്ചടിച്ചുവിടാനുള്ള മാധ്യമമായി മാതൃഭൂമി മാറി. മാതൃഭൂമിയിലുള്ളവര്‍ ചരിത്രം പഠിക്കാത്തവരാണെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കുറിപ്പ്. ഖേദപ്രകടനം കൊണ്ട് തീരുന്ന പ്രശ്‌നമല്ലിത്. സോഷ്യല്‍ മീഡിയയില്‍ വന്നത് പുനഃപ്രസിദ്ധീകരിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുന്ന ഇവര്‍ ഫേസ്ബുക്കില്‍ ജസ്റ്റിസ് കമാല്‍ പാഷക്കെതിരായി വന്ന കുറിപ്പുകള്‍ എന്ത് കൊണ്ട് കണ്ടില്ലെന്നും കാന്തപുരം ചോദിച്ചു.
മതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്‌ലാമിനെ കുറിച്ചറിയാത്ത നിരീശ്വരവാദികളെയാണ് മാതൃഭൂമി എക്കാലത്തും നിയോഗിക്കാറ്. മുസ്‌ലിം നാമധാരികളെ കൊണ്ട് തന്നെ ഇസ്‌ലാമിനെ അവമതിക്കുകയെന്ന ഗൂഢ താത്പര്യമാണ് ഇതിന് പിന്നില്‍. പ്രവാചകനെ നിന്ദിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പ് കൈപ്പിഴയായി കണ്ട് പൊറുക്കാന്‍ വിശ്വാസികള്‍ക്കാവില്ല. ഖേദപ്രകടനം ആത്മാര്‍ഥമാണെങ്കില്‍ നിലപാടുകളില്‍ മാറ്റം വരുത്തണം. ഇസ്‌ലാമിന്റെ വിമര്‍ശകര്‍ക്ക് വേണ്ടി പേജുകള്‍ നീക്കിവെക്കുന്നവര്‍ തുല്യ അളവിലെങ്കിലും മതം പഠിച്ചവര്‍ക്ക് ഇസ്‌ലാമിക നിലപാട് പറയാന്‍ അവസരം നല്‍കി മത സമൂഹത്തോട് നീതി പുലര്‍ത്തണം. എല്ലാ മതവിഭാഗങ്ങളെയും പരസ്പരം ഉള്‍ക്കൊണ്ടും സ്‌നേഹിച്ചും ജീവിക്കുന്ന കേരളം മറ്റുള്ള സംസ്ഥനങ്ങള്‍ക്ക് മാതൃകയാണ്. ആ പൈതൃകത്തെ വെല്ലുവിളിക്കാനും തകര്‍ക്കാനും ഒരു മാധ്യമ സ്ഥാപനത്തെയും അനുവദിക്കില്ല.
കുടുംബ ബന്ധം പുലര്‍ത്താനാണ് ഇസ്‌ലാം വിവാഹം അനുവദിച്ചത്. അതിനാല്‍ ഒരു സ്ത്രീയെ ഒന്നിലധികം പുരുഷന്മാര്‍ വിവാഹം ചെയ്യാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ആ സ്ത്രീയിലുണ്ടാകുന്ന കുട്ടിയുടെ പിതൃത്വത്തെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകും. ജഡ്ജിയായാല്‍ എന്തും പറയാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറയംഗം ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, സമസ്ത ജില്ലാ പ്രസിഡന്റ്താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി, ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍, മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, ഡോ. നൂറുദ്ദീന്‍ റാസി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest