Connect with us

Kerala

ചുരം കയറാന്‍ എല്‍ഡിഎഫ്; കോട്ട കാക്കാന്‍ യുഡിഎഫ്

Published

|

Last Updated

രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ സംസ്ഥാനത്ത് യു ഡി എഫിനോടൊപ്പം നിന്ന ഉരുക്ക് കോട്ടകളില്‍ ഒന്നാണ് വയനാട്. ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷക സംഘടനകള്‍ എന്നിവക്ക് നിര്‍ണായക സ്വാധീനം കൂടിയുണ്ട് ഈ ജില്ലക്ക്.
മൂന്ന് മണ്ഡലങ്ങളുള്ളതില്‍ സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയുമാണ് പട്ടിക വര്‍ഗ സംവരണം. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ബത്തേരിക്കും കല്‍പ്പറ്റക്കും കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ അടക്കം നേരത്തെയുണ്ടായിരുന്ന നോര്‍ത്ത് വയനാട് മണ്ഡലത്തിന് പകരമായാണ് പൂര്‍ണമായും വയനാടന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള മാനന്തവാടി മണ്ഡലം നിലവില്‍വന്നത്.
കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും കൊടികുത്തിവാണ 2006ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ചെങ്കൊടി പാറി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബത്തേരി മണ്ഡലത്തില്‍ ഇടതിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തിന് (26,052) മുകളിലായിരുന്നു. നോര്‍ത്ത് വയനാട് മണ്ഡലം 15000ത്തിന് മുകളിലും ശക്തമായ മത്സരം നടന്ന കല്‍പ്പറ്റ മണ്ഡലം ആയിരത്തില്‍ താഴെ വോട്ടിനും എല്‍ ഡി എഫ് പിടിച്ചടക്കി.
എന്നാല്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെപ്പില്‍ സ്ഥിതിമാറി. പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ രൂപംകൊണ്ട പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വയനാട് നിന്നും യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയം അരക്കെട്ടുറപ്പിച്ചു. ജില്ലാ പഞ്ചായത്തും മൂന്ന് ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടും 25 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിഭാഗവും യു ഡി എഫ് ജയിച്ചു. സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസും ഒരുമിച്ചതോടെ 30 വര്‍ഷത്തിന് ശേഷം കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും യു ഡി എഫ് കരസ്ഥമാക്കി.
കല്‍പ്പറ്റ മണ്ഡലത്തില്‍ കല്‍പ്പറ്റ നഗരസഭയും, വൈത്തിരി, വെപ്പള്ളി, പൊഴുതന,തരിയോട്, മൂപ്പൈനാട്, മേപ്പാടി,കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകളാണുള്ളത്.
എന്നാല്‍ യു ഡി എഫിന്റെ ഉരുക്കുകോട്ട എന്ന് അറിയപ്പെടുന്ന വയനാട്ടില്‍ 12 പഞ്ചായത്തുകളും മാനന്തവാടി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികളും ബത്തേരി ബ്ലോക്ക് പഞ്ചായത്തും നേടിയാണ് എല്‍ ഡി എഫ് യു ഡി എഫിനെ ഞെട്ടിച്ചത്. മുനിസിപ്പാലിറ്റിയായ ശേഷം മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ യു ഡി എഫിനെ മുട്ടുകുത്തിക്കാനായി എന്നത് എല്‍ ഡി എഫ് നേട്ടമായി കാണുന്നു.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ യു ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എല്‍ ഡി എഫിന് പിന്തുണ നല്‍കിയതോടെയാണ് നഗരസഭ ഇടതിന് അനുകൂലമായത്. പല പഞ്ചായത്തുകളിലും ഒന്നോ രണ്ടോ സീറ്റുകളുടെ ഭൂരിപക്ഷമാണ് ഇരുമുന്നണികളും തമ്മിലുള്ളത്.
കല്‍പ്പറ്റ മണ്ഡലത്തില്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ലീഡ് യു ഡി എഫിന് നേടിക്കൊടുത്തു. 2011ലെ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ യു ഡി എഫിലെ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാര്‍ എതിരാളിയായ എല്‍ ഡി എഫിലെ പി എ മുഹമ്മദിനെ 18169 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തറപറ്റിച്ചത്. മണ്ഡലം ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും നേടിയ ശ്രേയാംസ് മണ്ഡലത്തിലെ തന്റെ രണ്ടാം അങ്കത്തില്‍ തട്ടകം സുരക്ഷിതമാക്കിയിട്ടുണ്ട്.
ബത്തേരി മണ്ഡലത്തില്‍ 1996ലും 2006ലും ഇടത്പക്ഷം വിജയക്കൊടി പാറിച്ചിരുന്നു. 2011ല്‍ പട്ടിക വര്‍ഗമണ്ഡലമാക്കിയതിനെ ശേഷം കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണന്‍ സി പി എമ്മിലെ ഇ എ ശങ്കരന്‍ പരാജയപ്പെടുത്തിയാണ് വിജയം ഉറപ്പിച്ചത്. മാനന്തവാടി മണ്ഡലത്തില്‍ മന്ത്രി ജയലക്ഷ്മി സിറ്റിംഗ് എം എല്‍ എ കെ സി കുഞ്ഞിരാമനെ 12785 വോട്ടിനാണ് വീഴ്ത്തിയത്. എം വി രാജന്‍,കെ കെ അണ്ണന്‍, കെ രാഘവന്‍, രാധാരാഘവന്‍, കെ സി കുഞ്ഞിരാമന്‍ എന്നിവരും ഇവിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വെള്ളമുണ്ട,പനമരം,തവിഞ്ഞാല്‍,തൊണ്ടര്‍നാട്,തിരുനെല്ലി എന്നീ പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും ഉള്‍ക്കൊള്ളുന്നതാണ് മാനന്തവാടി മണ്ഡലം. വയനാടിനും പട്ടിക വര്‍ഗവിഭാഗക്കാര്‍ക്കും അവകാശങ്ങള്‍ എത്തിച്ചു നല്‍കാനായെന്നാണ് മന്ത്രി ജയലക്ഷ്മി അവകാശപ്പെടുന്നത്. ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍, മെഡിക്കല്‍ കോളജ് തുടങ്ങിയവയും കൊണ്ടു വരുന്നതില്‍ മൂന്ന് ജനപ്രതിനിധികളും മുന്‍കൈയെടുത്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയം, ചികിത്സാ രംഗത്തെ പോരായ്മയും, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി എല്‍ ഡി എഫും, മെഡിക്കല്‍ കോളജ്, ഭൂരഹിതര്‍ക്ക് ഭൂമിയും മറ്റു വികസനവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയില്‍ യു ഡി എഫും ഗോദയില്‍ അങ്കത്തിനൊരുങ്ങുകയാണ്. ഇത്തവണ കല്‍പ്പറ്റയില്‍ എം വി ശ്രേയാംസിനെതിരെ സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ രംഗത്തെത്തുമെന്ന് സൂചനയുണ്ട്. ബി ജെ പിയും പലപഞ്ചായത്തുകളിലും നിര്‍ണായക ശക്തിയായിട്ടുണ്ട്.

Latest