Connect with us

National

മുദ്ര പദ്ധതിയെ കുറിച്ച് വ്യാപക പരാതി

Published

|

Last Updated

പാലക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര ബേങ്ക് വായ്പാ പദ്ധതിയെ കുറിച്ച് വ്യാപക പരാതി. സാധാരണക്കാരെ സഹായിക്കുകയാണ് മുദ്രയുടെ ലക്ഷ്യമെന്നാണ് പരസ്യത്തില്‍ പറയുന്നതെങ്കിലും യാതൊരു ഗുണവും സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബേങ്ക് ഓഫ് ഇന്ത്യ (എസ് ഐ ഡി ബി ഐ) ആണ് പേരുമാറി മുദ്രയായത്. സാധാരണക്കാരന് ഗുണമില്ലാതെ പരാജയപ്പെട്ട ധനകാര്യ പരിപാടിയായിരുന്നു എസ് ഐ ഡി ബി ഐ. ഇതിന് ശേഷമാണ് മുദ്ര തുടങ്ങിയത്. മുദ്രക്കായി 180 കോടി രൂപ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജാമ്യമില്ലാതെ വായ്പ നല്‍കേണ്ടതിനാല്‍ ബേങ്ക് മാനേജരും ജീവനക്കാരും ലോണ്‍ വാങ്ങിയ ആളെക്കൊണ്ട് തുക തിരിച്ചടപ്പിക്കാന്‍ ഏറെ പ്രയാസപ്പെടും. അതുകൊണ്ടുതന്നെ ബേങ്ക് ഉദ്യോഗസ്ഥര്‍ക്ക് വായ്പ നല്‍കാന്‍ അത്ര താത്പര്യമില്ല.
മുദ്ര വായ്പ നല്‍കുന്നതിനായി ദേശസാത്കൃത ബേങ്കുകളെക്കൊണ്ട് വായ്പാ മേളയും നടത്തിക്കുന്നുണ്ട്. എന്നാല്‍, ഇവിടെ നിന്ന് സ്വീകരിക്കുന്ന വായ്പാ അപേക്ഷകള്‍ മിക്കതും തിരിച്ചയക്കപ്പെടുന്നു എന്നാണ് മറ്റൊരു ആക്ഷേപം.
അതേസമയം, ബി ജെ പി യുടെ സ്വാധീനമുള്ള പ്രദേശങ്ങളില്‍ മുദ്ര വായ്പയുടെ പേരില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ അവര്‍ നീക്കം തുടങ്ങിയിട്ടുള്ളതായി ആക്ഷേപമുണ്ട്. വായ്പ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഒരു ബ്രാഞ്ചില്‍ അമ്പത് പേരെയെങ്കിലും എത്തിക്കാനാണ് ബി ജെ പി ശ്രമം.