Connect with us

Wayanad

ദേവര്‍ഷോല മേഖലയില്‍ നരഭോജി കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: േേദവര്‍ഷോല മേഖലയില്‍ കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി. അതേസമയം നെല്ലാക്കോട്ടയിലെ ഏലകാട്ടിനുള്ളില്‍ കടുവയെ കണ്ടെത്തിയതായി പറയപ്പെടുന്നുണ്ട്. സി സി ടി വി ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കടുവയെ പിടികൂടുന്നതിന് അഞ്ച് കൂടുകളാണ് വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. സത്യമംഗലത്ത് നിന്ന് പ്രത്യേക പരിശീലനം നേടിയ തമിഴ്‌നാട് ദൗത്യസേനയും, വനംവകുപ്പ് ജീവനക്കാരും ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഉള്‍വനത്തിലാണ് കടുവയെ തേടുന്നത്. ദേവര്‍ഷോല, നെല്ലാക്കോട്ട, വുഡ്ബ്രയര്‍, റാക്‌വുഡ് ഭാഗങ്ങളില്‍ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി ഏഴ് മണിക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസും, വനംവകുപ്പും മൈക്കിലൂടെയാണ് പൊതു ജനങ്ങളെ വിവരമറിയിക്കുന്നത്. കടുവ നെല്ലാക്കോട്ട വനമേഖലയിലെ കാട്ടിനുള്ളില്‍ തന്നെയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. അത്‌കൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണം. പുറത്തിറങ്ങിയാല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഐ ജി ശ്രീധരന്‍, നീലഗിരി എസ് പി മുരളിറംബ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കടുവ കൂട്ടില്‍ അകപ്പെട്ടിട്ടില്ലെങ്കില്‍ മയക്ക് വെടി വെച്ച് പിടിക്കാനും പദ്ധതിയുണ്ട്. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ദേവര്‍ഷോല വുഡ്ബ്രയര്‍ എസ്റ്റേറ്റിലാണ് തൊഴിലാളിയെ കടുവ കൊന്നു തിന്നിരുന്നത്. ജാര്‍ഖണ്ഡ് സ്വദേശി മകുവോറ (50) ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. അതേസമയം ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനംവകുപ്പ് ഓഫീസുകള്‍ക്കും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നരഭോജി കടുവയെ ആക്രമണത്തിന് മുമ്പ് തന്നെ പ്രദേശവാസികളില്‍ ചിലര്‍ ഒന്നില്‍കൂടുതല്‍ പ്രാവശ്യം നേരില്‍ കണ്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest