Connect with us

Kerala

എഡിഎമ്മിനെ മര്‍ദ്ദിച്ച കേസ്: ബിജിമോള്‍ എംഎല്‍എക്കെതിര ഹൈക്കോടതി

Published

|

Last Updated

കൊച്ചി: എഡിഎമ്മിനെ മര്‍ദ്ദിച്ച കേസില്‍ ഇഎസ് ബിജിമോള്‍ എംഎല്‍എക്കെതിരായ പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. ബിജിമോളെ അറസ്റ്റ് ചെയ്യേണ്ടന്ന റിപ്പോര്‍ട്ട് തള്ളിയ കോടതി അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് ശരിയായില്ലെന്നും നിരീക്ഷിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അറസ്റ്റ് ചെയ്യാതെയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാതെ വിട്ടത് ഉചിതമായില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം സാധാരണക്കാരനും പൊതുപ്രവര്‍ത്തകനും ഒന്നാണെന്നും കോടതി പറഞ്ഞു. പൊലീസിന്റെ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച കോടതി കേസ് പിന്നീട്് പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റി വെച്ചു. പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ബിജിമോള്‍ എം.എല്‍.എ കഴിഞ്ഞ ജൂലൈ മൂന്നിന് പെരുവന്താനം തെക്കേമലയില്‍ എഡിഎമ്മിനെ മര്‍ദ്ദിച്ചിരുന്നത്.
തെക്കേമലയിലെ ഗേറ്റ് പൊളിച്ച് മാറ്റിയ ആര്‍ഡിഒ നടപടിക്ക് ഹൈക്കോടി നല്‍കിയ സ്‌റ്റേയുമായി എത്തിയാണ് എസ്‌റ്റേറ്റ് അധികൃതര്‍ ഗേറ്റ് പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇതിനിനെതിരെ എംഎല്‍എ ബിജിമോളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തി. ബിജി മോള്‍ എംഎല്‍എയും എഡിഎമ്മും തമ്മില്‍ ഉന്തുതള്ളും ഉണ്ടായി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എഡിഎമ്മിനെ കൈയേറ്റം ചെയ്തതിനും ബിജിമോള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.

Latest