Connect with us

National

ഇശ്‌റത് ജഹാന്‍ കേസ്: കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ ആരോപണം അന്വേഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദിനാണ് അന്വേഷണച്ചുമതല. 2004ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് പോലീസുമായുണ്ടായ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ഫയലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കാണാതായത്. ഇശ്‌റത് ജഹാനൊപ്പം മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ളയും, അംജദ് അലി, ജോഹര്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയും ഉണ്ടായി.

മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഇശ്‌റത് ജഹാന്‍ അടക്കമുള്ളവര്‍ ലഷ്‌കര്‍ ഇ തോയ്ബ പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം മാറ്റിയെന്നാണ് ജികെ പിള്ള വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫയലുകള്‍ കാണാതായതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചിരുന്നു.