Connect with us

Gulf

ദോഹ മെട്രോ തൊഴിലാളികള്‍ക്കായി താമസസ്ഥലത്ത് ഐ സി ടി ഹാള്‍ തുറന്നു

Published

|

Last Updated

ഐ സി ടി ഹാള്‍ പ്രവര്‍ത്തനം മന്ത്രിമാരായ ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈതിയും ഡോ. ഈസ്സ ബിന്‍ സഅദ് അല്‍ ജഫാലിയും നോക്കിക്കാണുന്നു

ദോഹ: ദോഹ മെട്രോയുടെ തൊഴിലാളികളുടെ അല്‍ വക്‌റയിലെ ഹൗസിംഗ് കോംപ്ലക്‌സില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂനിക്കേഷന്‍സ് ടെക്‌നോളജി (ഐ സി ടി) ഹാള്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈതി ഉദ്ഘാടനം ചെയ്തു. ഖത്വറിലെ പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് നിര്‍മിച്ച നൂറാമത്തെ ഐ സി ടിി ഹാള്‍ ആണിത്.
ഗതാഗത മന്ത്രാലയത്തിന്റെ ബെറ്റര്‍ കണക്ഷന്‍ എന്ന പദ്ധതി പ്രകാരമുള്ള ഐ സി ടി ഹാളില്‍ അമ്പതിനായിരത്തിലേറെ തൊഴിലാളികള്‍ക്ക് ഐ ടി സൗകര്യം ഉപയോഗിക്കാവുന്നതാണ്. പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായി ഖത്വര്‍ ഇ ഗവണ്‍മെന്റ് പോര്‍ട്ടലും (ഹുകൂമി) മന്ത്രി ഉദ്ഘാടനം ചെയ്തു. തൊഴില്‍ മന്ത്രി ഡോ. ഈസ്സ ബിന്‍ സഅദ് അല്‍ ജഫാലി സന്നിഹിതനായിരുന്നു.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുന്ന ഈ ഏകജാലക സംവിധാനത്തില്‍ അറബി, ഇംഗ്ലീഷ്, ഹിന്ദി, താഗലോഗ് ഫിലിപ്പിനോ, നേപ്പാളി ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാണ്. തൊഴില്‍ സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന എല്ലാ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ചാണ് ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൗരന്‍മാരിലും താമസക്കാരിലും ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമാണ് ഇത്. നിര്‍മാണ പദ്ധതികളില്‍ പ്രധാന പങ്ക് വഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള രാജ്യത്തിന്റെ സാമൂഹിക ഉത്തരവാദിത്തവുമാണ് ഇത്. മന്ത്രി അല്‍ സുലൈതി കൂട്ടിച്ചേര്‍ത്തു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ട് സിറ്റികളിലേക്കുള്ള മാറ്റം പ്രചരിപ്പിക്കുന്നതിന് ഡിജിറ്റല്‍ വിപ്ലവം അനിവാര്യമാണെന്നും അതിനാല്‍ സമൂഹത്തില്‍ ഡിജിറ്റല്‍ സംസ്‌കാരം വളര്‍ത്തേണ്ടതുണ്ടെന്നും അണ്ടര്‍ സെക്രട്ടറി റീം അല്‍ മന്‍സൂരി പറഞ്ഞു. തൊഴിലാളികളില്‍ ഡിജിറ്റല്‍ ശേഷി ഉണ്ടാകാന്‍ ഐ സി ടി ഹാള്‍ സഹായിക്കുന്നു. അതുപ്രകാരം തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിയാനും കുടുംബവുമായും നാട്ടുകാരുമായും ആശയവിനിമയം നടത്താനും അവരെ പ്രാപ്തരാക്കുന്നു. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്ന് തൊഴിലാളികളെ പരിശീലിപ്പിക്കുകയാണ് ഐ സി റ്റി ഹാളുകള്‍ നിര്‍വഹിക്കുന്ന ധര്‍മം. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ നൂറ് ഐ സി ടി ഹാളുകള്‍ ലഭ്യമാണ്.
അശ്ഗാല്‍, ഖത്വര്‍ പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഐ സി റ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് അവരുമായി മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. പ്രവാസികളുടെ ഹൗസിംഗ് കോംപ്ലക്‌സുകളില്‍ ഐ സി റ്റി ലഭ്യമാക്കാന്‍ ഉരീദുവുമായും കരാറായിട്ടുണ്ട്. അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി, ബംഗാളി, നേപ്പാളി ഭാഷകളിലും പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.

Latest