Connect with us

Kozhikode

കോഴിക്കോട് സൗത്തില്‍ ഇത്തവണ പോരാട്ടം തീപാറും

Published

|

Last Updated

കോഴിക്കോട്:ജില്ലയിലെ ഏക മന്ത്രി മത്സരിക്കുന്ന മണ്ഡലം ഇക്കുറി തീപാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക. കോഴിക്കോട് സൗത്ത് മണ്ഡലം യു ഡി എഫിനെ സംബന്ധിച്ച് ഉറച്ച സീറ്റൊന്നുമല്ല. ഇരു മുന്നണികളും മാറി മാറി ജയിച്ച സീറ്റാണിത്.തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് കണക്കെടുത്താല്‍ ഭൂരിപക്ഷം എല്‍ ഡി എഫിനാണ്. എന്നാല്‍ വികസനം തന്റെ രക്ഷക്കെത്തുമെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖാപിക്കപ്പെട്ട ഡോ എം കെ മുനീറിന്റെ വിശ്വാസം.
2006 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഐ എന്‍ എലിലെ പി എം എ സലാം മത്സരിച്ച് ജയിച്ച മണ്ഡലം കഴിഞ്ഞ തവണ 1376 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ എം കെ മുനീര്‍ പിടിച്ചെടുത്തത്. എം കെ മുനീര്‍ 1991 ലും ഇതെ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. ഇരു മുന്നണികളെയും മാറി പരീക്ഷിക്കുന്ന പാരമ്പര്യമാണ് മണഡലത്തിന്റെതെന്നത് ഇരു മുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുന്നു. 1957 ലും 1960 ലും കോണ്‍ഗ്രസിലെ പി കുമാരനായിരുന്നു വിജയം.1965 ലും 1967 ലും ലീഗിലെ പി എം അബൂബക്കര്‍ മത്സരിച്ച് ജയിച്ചു. 1970 ല്‍ സ്വതന്ത്രന്‍ കല്‍പ്പള്ളി മാധവന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1977,80,82 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭാഗമായിരുന്ന അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി എം അബൂബക്കര്‍ വീണ്ടും ജയിച്ചു. 87 ല്‍ സി പി എമ്മിലെ സി പി കുഞ്ഞു ജയിച്ചപ്പോള്‍ 91 ല്‍ ജയം യു ഡി എഫിനായിരുന്നു.മുസ്ലിംലീഗിലെ ഡോ എം കെ മുനീറാണ് ജയിച്ചത്. എന്നാല്‍ 96 ല്‍ മണഡലം വീണ്ടും ഇടത്തേക്ക് ചാഞ്ഞു. സി പി എമ്മിലെ എളമരം കരീമിനായിരുന്നു അന്ന് ജയം. 2001 ല്‍ മണ്ഡലം വീണ്ടും യു ഡി എഫിനൊപ്പമായി. മുസ്ലിംലീഗിലെ ടി പി എം സാഹിറാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2006 ല്‍ എല്‍ ഡി എഫിലെ പി എം എ സലാം ജയിച്ച സീറ്റ് 2011 ല്‍ യു ഡി എഫ് ഡോ എം കെ മുനീറിലൂടെ പിടിച്ചെടുക്കുകയായിരുന്നു.
പഴയ കോഴിക്കോട് രണ്ടാം മണ്ഡലമാണ് കോഴിക്കോട് സൗത്തായി രൂപാന്തരം പ്രാപിച്ചത്. കോര്‍പ്പറേഷനിലെ 19,22 മുതല്‍ 39 വരെ വാര്‍ഡുകള്‍,54 മുതല്‍ 61 വരെയുള്ള വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് സൗത്ത് മണ്ഡലം.തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വലിയ ഭൂരിപക്ഷമൊന്നും സൗത്ത് നല്‍കാറില്ല. 2006 ല്‍ പി എം എ സലാമിന് 14000 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയതൊഴിച്ചാല്‍ മറ്റ് തിരഞ്ഞെടുപ്പികളിലെല്ലാം ഈ സ്ഥിതി കാണാവുന്നതാണ്.കഴിഞ്ഞ തവണ ഡോ എം കെ മുനീറിന്റെ ഭൂരിപക്ഷം 1376 ആയിരുന്നു. 2001 ല്‍ ടി പി എം സാഹിറിന്റെത് 787 ഉം.കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ ഡി എഫിന് യു ഡി എഫിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചിട്ടുണ്ട്. ഇതാണ് എല്‍ ഡി എഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.എന്നാല്‍ തദ്ദേശ ഭരണ തിരഞ്ഞുടുപ്പ് വേറെ നിയമസഭാ തിരഞ്ഞെടുപ്പ് വേറെ എന്നാണ് യു ഡി എഫ് പറയുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു ഡി എഫ് മന്ത്രി സഭയില്ലെ മന്ത്രി എന്ന നിലയില്‍ മണ്ഡലത്തിലുണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, മറ്റ് പദ്ധതികള്‍ എന്നിവയൊക്കെയാണ് നേട്ടമായി ഡോ എം കെ മുനീര്‍ ചൂണ്ടിക്കാണിക്കുന്നത്.എന്നാല്‍ അഞ്ച് വര്‍ഷം മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്.ഇത്തവണ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നായിരുന്നു എംകെ മുനീറിന്റെ അഭിപ്രായമെങ്കിലും ഒടുവില്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.മലപ്പുറത്ത് സുരക്ഷിതമായ മറേറതെങ്കിലും മണ്ഡലം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
മുസ്ലിംലീഗിന്റെ ആദ്യ ലിസ്റ്റില്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. എതിരാളിയെ കുറിച്ചുള്ള ചിത്രം ഇത് വരെ വ്യക്തമായിട്ടില്ലങ്കിലും മത്സരം കനക്കുമെന്ന് തന്നെയാണ് സൂചന.സി പി എം മുസാഫിര്‍ അഹമ്മദ്, കാനത്തില്‍ ജമില എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ സീറ്റിന് വേണ്ടി ഐ എന്‍ എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഐ എന്‍ എല്‍ മത്സരിച്ച ജയിച്ച സീറ്റാണിതെന്നത് കൊണ്ട് തന്നെ ഐ എന്‍ എലിന് സീറ്റ് നല്‍കുന്നതില്‍ സി പി എമ്മില്‍ വലിയ എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.ഐ എന്‍ എലിനെങ്കില്‍ സംസ്ഥാന ജന സെക്രട്ടരി അഡ്വ അബ്ദുല്‍ വഹാബ് സ്ഥാനാര്‍ത്ഥിയാകും.ബി ജെ പിക്കും മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാന ഭരണം പോലെ മാറി മാറി ജയിപ്പിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ ചരിത്രം ആവര്‍ത്തിക്കുമോയെന്നാണ് രാഷ്ട്രീ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.1,45,743 വോട്ടര്‍മാരാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലുള്ളത്. ഇതില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍,75 615.പുരുഷ വോട്ടര്‍മാരുടെ എണ്ണം 70 128.

Latest