Connect with us

Gulf

കരാര്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ആലോചിക്കുന്നു

Published

|

Last Updated

സഊദി അറേബ്യയിലെ നിരവധി കരാര്‍ കമ്പനികള്‍ വന്‍ തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ആലോചിക്കുന്നു. കരാര്‍ കമ്പനി ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എണ്ണ വില കുറഞ്ഞത് നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചതാണ് അടിസ്ഥാന പ്രശ്‌നം.
എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ സഊദിയിലെ കരാര്‍ കമ്പനികള്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം കരാറുകളാണ് പൊതു മേഖല സ്ഥാപനങ്ങളായ സഊദി അരാംകോ, സാബിക്ക്, സദാര, റോയല്‍ കമ്മിഷന്‍ എന്നിവ റദ്ദാക്കിയിരിക്കുന്നത്. ഈ കരാറുകള്‍ പ്രതീക്ഷിച്ച് നൂറോളം തൊഴിലാളികളെ കൊണ്ടുവന്ന ചെറിയതും വലുതുമായ കരാര്‍ കമ്പനികളാണ് തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാതെ പ്രയാസത്തിലായിരിക്കുന്നത്. സഊദി നാഷനല്‍ കൊമേഴ്‌സ്യല്‍ ബേങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മാസങ്ങളില്‍ പൊതു സ്വകാര്യ കരാറുകളില്‍ 47 ശതമാനം ഇടിവാണ് സംഭവിച്ചത്. 500ഓളം കരാര്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവുമെന്നണ് കണക്ക്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ വന്‍ തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ചെലവ് കുറക്കാനുള്ള മാര്‍ഗം തേടുകയാണ് സ്ഥാപനങ്ങള്‍. വലിയ ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചുവിടുക എന്നാണ് ഉടമസ്ഥര്‍ പറയുന്നത്.
സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം എഴ് ലക്ഷത്തിലധികം വിദേശികള്‍ കരാര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. എണ്ണ വില 50 ഡോളറിന് മുകളിലേക്ക് എത്താന്‍ 2017ന് മുമ്പ് സാധ്യതയില്ല എന്ന പഠന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പിരിച്ചുവിടല്‍ പ്രക്രിയ ഉടനെ ആരംഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ചെറിയ തോതില്‍ തൊഴിലാളികളെ പിരിച്ചു വിടുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു എന്നും, നിലവിലെ കരാറുകള്‍ അവസാനിക്കുന്നതോടെ കൂടുതല്‍ തൊഴിലാളികളെ പിരിച്ച് വിടുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ കരാര്‍ കമ്മിറ്റി സമര്‍പിച്ച റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

---- facebook comment plugin here -----

Latest