Connect with us

Gulf

ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ഓള്‍ഡ് സലത്വയിലെ വിപുലീകരിച്ച ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്റര്‍

ദോഹ: ഹമദ് ജനറല്‍ ഹോസ്പിറ്റലിന്റെ ശാഖയായ ഓള്‍ഡ് സലത്വയിലെ വിപുലീകരിച്ച ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്റര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. പുതിയ സജ്ജീകരണങ്ങളും സംവിധാനങ്ങളും അദ്ദേഹം ചുറ്റിക്കണ്ടു.
4500 ചതുരശ്ര മീറ്ററിന്റെ അധിക സ്ഥല സൗകര്യം ലഭിച്ചിട്ടുണ്ട്. 19 പുതിയ ചികിത്സാ മുറികള്‍, വേദന കുറക്കാനുള്ള ചികിത്സാസംവിധാനം, അനസ്‌തേഷ്യ, ഫിസിയോതെറാപ്പിക്കുള്ള മുറികള്‍, ഗുരുതര പരുക്ക് പറ്റിയവര്‍ക്കുള്ള സ്വകാര്യ ക്ലിനിക്കല്‍ നിരീക്ഷണത്തിനുള്ള വിവിധോദ്ദേശ്യ മുറി തുടങ്ങിയവയും സംവിധാനിച്ചിട്ടുണ്ട്. എല്ലുമായി ബന്ധപ്പെട്ട വിവിധ ചികിത്സകള്‍ക്ക് പര്യാപ്തരായ വിദഗ്ധരുടെയും നഴ്‌സുമാരുടെയും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ലഭ്യമാണ്. സി ടി, എം ആര്‍ ഐ, അള്‍ട്രാ സൗണ്ട് സ്‌കാനിം സൗകര്യങ്ങളോടെ വിപുലീകരിച്ച റെഡിയോളജി സൗകര്യം, ആണ്‍/ പെണ്‍ ഫ്രാക്ചര്‍ ക്ലിനിക്കുകള്‍, ഡെഡിക്കേറ്റഡ് ബോണ്‍ ആന്‍ഡ് ജോയിന്റ് ഇലക്ടീവ് ക്ലിനിക്ക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ തുടങ്ങിയവയും സെന്ററിലുണ്ട്. കൂടാതെ കാഷ് കൂടാതെ പണമടക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. എച്ച് എം സിയുടെ കീഴില്‍ ആദ്യമായിട്ടാണ് ഈ സംവിധാനം. രണ്ട് ഫാര്‍മസികളും വിശാല പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അസ്ഥികൂടം പൂര്‍ണമായി സ്‌കാന്‍ ചെയ്യുന്ന ത്രീഡി സംവിധാനം മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമാണ്. അടുത്ത ഭാവിയില്‍ തന്നെ റോബോട്ടിക് ഫാര്‍മസി ഡിസ്‌പെന്‍സറും സംവിധാനിക്കം. ഓള്‍ഡ് സലത്വയിലെ അല്‍ മീന സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന സെന്ററില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയും ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയും ചികിത്സ ലഭ്യമാകും.