Connect with us

National

ഇന്ത്യയില്‍ എത്തിയ പത്ത് ഭീകരരില്‍ മൂന്ന് പേരെ വധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഈ മാസം ആദ്യം ഗുജറാത്ത് വഴി ഇന്ത്യയിലേക്ക് കടന്ന പത്ത് പാക് ഭീകരരില്‍ മൂന്ന് പേരെ വധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏതാനും ദിവസം മുമ്പ് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവയാണ് പാക്കിസ്ഥാനില്‍ നിന്ന് പത്ത് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായ വിവരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലും മറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഭീകരര്‍ ഡല്‍ഹിയിലേക്ക് സഞ്ചരിച്ചിരിക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അവിടെയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനയില്‍പ്പെട്ടവരാണ് ഇന്ത്യയിലേക്ക് കടന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതിനിടെ, ശിവരാത്രിക്ക് മുമ്പ് ഗുജറാത്ത് വഴി ഇന്ത്യയിലേക്ക് കടന്ന പത്ത് തീവ്രവാദികളെ സുരക്ഷാസേന കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ മൂന്ന് പേരെയാണ് വധിച്ചത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ എവിടെയോ ആണ് അവശേഷിക്കുന്ന ഭീകരര്‍ ഉള്ളതെന്നും ഇവരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ സേനയെന്നും പ്രതിരോധവൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍, ഭീകരരെ കുറിച്ചോ അവരെ കീഴ്‌പ്പെടുത്താന്‍ നടക്കുന്ന സൈനിക നീക്കങ്ങളെ കുറിച്ചോ കേന്ദ്ര സര്‍ക്കാറോ ഗുജറാത്ത് സര്‍ക്കാറോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും അത് അവസാനിച്ച ശേഷം വിശദവിവരങ്ങള്‍ പുറത്തുവിടുമെന്നും മാത്രമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
ദേശീയ സുരക്ഷ സേനയുടെ (എന്‍ എസ് ജി) 200 അംഗ കമാന്‍ഡോസംഘത്തെ അടിയന്തര സാഹചര്യം നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിലേക്ക് അയച്ചിരുന്നു.