Connect with us

Articles

ജ്ഞാന തേജസ്വികള്‍ ഡല്‍ഹിയില്‍ ഒത്തുചേരുമ്പോള്‍

Published

|

Last Updated

അസഹിഷ്ണുതയുടെ വാര്‍ത്തകള്‍ കേട്ട് മരവിച്ച രാജ്യതലസ്ഥാനത്തെ സഹിഷ്ണുതയുടെയും ശാന്തിയുടെയും സ്‌നേഹദൂതുമായി ആധ്യാത്മിക ജ്ഞാനത്തിന്റെ നിറ തേജസ്വികള്‍ നാല് രാപ്പകലുകള്‍ ധന്യമാക്കുന്നു.
ആള്‍ ഇന്ത്യാ ഉലമാ മശാഇഖ് ബോര്‍ഡിന്റെയും വേള്‍ഡ് സൂഫി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ 20 കൂടിയ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഗോള ആധ്യാത്മിക സമ്മേളനം രാജ്യത്തിന് നവ്യാനുഭവവും പുതിയ കാഴ്ചയുമാണ്. രാജ്യം ഇന്ന് സുപ്രധാന വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് സഞ്ചരിക്കുന്നത്. അസഹിഷ്ണുതയുടെ തീവ്രഭാവങ്ങള്‍ ഗ്രാമങ്ങളുടെ ഉള്ളറകള്‍ മുതല്‍ പാര്‍ലിമെന്റിന്റെ അകത്തളങ്ങളെ വരെ പിടിച്ചുകുലുക്കുന്നു. രാജ്യത്തെ ഉന്നത സര്‍വകലാശാലകളില്‍ വരെ വൈരത്തിന്റെയും കടന്നാക്രമണത്തിന്റെയും അലയൊലികള്‍. ഉന്നത നീതിപീഠങ്ങളുടെ തിരുമുറ്റങ്ങളില്‍ നീതിയുടെ കാവലാളുകള്‍ തമ്മില്‍ കലഹങ്ങള്‍. മൂന്ന് വയസ്സുകാരി മുതല്‍ മുതുമുത്തശ്ശി വരെ മാനം കാക്കാനുള്ള വ്യഗ്രതയില്‍ ജീവിക്കുന്ന രാജ്യത്ത് പിതാവിനൊപ്പം ട്രെയിനില്‍ കിടന്നുറങ്ങിയ ഇരുപതുകാരി ഉറക്കമുണര്‍ന്നത് വിജനമായ കുറ്റിക്കാടുകളില്‍. മതപരമായ വേര്‍തിരിവുകളും ജാതീയമായ മാറ്റിനിര്‍ത്തലുകളും സാമുദായിക ധ്രുവീകരണവും ലക്ഷ്യം മറന്ന രാഷ്ട്രീയകളികളും അഴിമതിയും ഏറ്റുമുട്ടലുകളും എല്ലാം കൂടി ഈ ജനാധിപത്യ മതേതര രാജ്യത്തെ തുരുമ്പ് പിടിപ്പിക്കുന്ന കാഴ്ച ഒട്ടും ക്ഷന്തവ്യമല്ല.
ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും ലോകത്തിന് തന്നെ മാതൃകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യക്ക് ബഹുസ്വരതയെ ഉള്‍ക്കൊണ്ട സുവര്‍ണതിളക്കമുള്ള പാരമ്പര്യമാണുള്ളത്. ഇതിന് മുറിവേല്‍പ്പിക്കാന്‍ ഏത് കോണില്‍ നിന്ന് ശ്രമങ്ങള്‍ ഉണ്ടായാലും അതിനെ ചെറുത്തു തോല്‍പ്പിക്കുകയും നേര്‍വഴിയിലേക്ക് തിരിച്ചുവിടുകയും വേണം. ആധ്യാത്മിക ലോകം ഈ ബാധ്യത കൃത്യമായി ചെയ്ത് പോന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം തേടി സമൂഹവും ഭരണകൂടവും പലസ്ഥലങ്ങളിലും പോയി അവസാനം ആത്മീയ ലോകത്തിന്റെ വാതില്‍ പടിയില്‍ ചെന്നു മുട്ടാറാണ് പതിവ്. സുല്‍ത്താനുല്‍ ഹിന്ദായ അജ്മീര്‍ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി (റ)യുടെ ദര്‍ബാറില്‍ ചെന്നു പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പരിഹാരം കിട്ടാത്തവര്‍ക്ക് ഈ ആത്മീയസന്നിധിയില്‍ പരിഹാരം കിട്ടിയിട്ടുണ്ട്.
ഇന്ത്യ കണ്ട മഹത്തുക്കളായ ഭരണാധികാരികളൊക്കെ ഈ ദര്‍ബാറില്‍ വന്ന് പൊരുത്തം വാങ്ങിയിട്ടുമുണ്ട്. ഇന്ത്യയുടെ ആധ്യാത്മിക സുല്‍ത്താന്റെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക ദര്‍ശനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ രാജ്യത്തിന് കുളിരേകി ഇതേ ദര്‍ശനങ്ങളുടെ പുനരവതരണത്തിനും പങ്കുവെപ്പുകള്‍ക്കും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്നുറപ്പാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഈയിടെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യാ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ല്‍ അധികം ആധ്യാത്മിക നേതാക്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആധ്യാത്മികദര്‍ശനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ശേഷം നടന്ന മന്‍ കീ ബാത്തില്‍ അദ്ദേഹം രാജ്യത്തോടായി പറഞ്ഞു. രാജ്യത്തിന് സൂഫിസം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന്.
ദര്‍ഗകള്‍ എന്നും എല്ലാ ജനവിഭാഗങ്ങളുടെയും ആശാകേന്ദ്രമാണ്. കെട്ടിടത്തിന്റെ പവിത്രത കൊണ്ട് മാത്രമല്ല അവിടം ജനനിബിഡമാകുന്നത്. അന്ത്യവിശ്രമം കൊള്ളുന്ന മഹത്തുക്കളുടെ വ്യക്തിത്വവും അവര്‍ പ്രതിനിധാനവും പ്രബോധനവും ചെയ്ത ആദര്‍ശവുമാണ് ജനസമൂഹത്തെ സൂഫിസത്തിലേക്ക് ആകര്‍ഷിച്ചത്. “ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എന്നാല്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങളോട് കരുണ കാണിക്കും എന്ന മുഹമ്മദ് നബി (സ)യുടെ അതുല്യമായ വിശ്വമാനവികതയുടെയും വിശ്വസ്‌നേഹത്തിന്റെയും ജീവിക്കുന്ന ഉദാഹരണങ്ങളായിരുന്നു സൂഫികള്‍. വൈജാത്യങ്ങളില്ലാതെ മാനവസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളായി അവര്‍ രാജ്യത്ത് ജീവിച്ചു. അഞ്ച് നേരത്തെ നിസ്‌കാരത്തിന് വേണ്ടി അവര്‍ പള്ളികള്‍ നിര്‍മിച്ചു. അവിടങ്ങളില്‍ നിന്നുള്ള എല്ലാറ്റിനും മുകളില്‍ ഒരാളുണ്ടെന്ന് വിളികള്‍ കേട്ട് രാജ്യം പ്രഭാതങ്ങളെ വരവേറ്റു. വിജയത്തിലേക്ക് വരാന്‍ ഉള്ള കാഹളങ്ങള്‍ മസ്ജിദുകളില്‍ നിന്ന് മുഴങ്ങി. അഞ്ച് നേരവും നിസ്‌കാരശേഷം സമാധാനത്തിന്റെ സന്ദേശങ്ങള്‍ പ്രാര്‍ഥനാ വചസ്സുകളായി ജനങ്ങള്‍ അനുഭവിച്ചു. ജാതിമതഭേദമെന്യേ സര്‍വരും സന്തോഷത്തോടെ ജീവിച്ച നല്ല കാലങ്ങള്‍ ഈ പോയ കാലങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് രാജ്യമാഗ്രഹിക്കുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ ആത്മജ്ഞാനികള്‍ക്ക് മാത്രമേ കഴിയൂ. തീവ്രവാദവും ഭീകരതയും ഒന്നിനും പരിഹാരമല്ല.
മതദര്‍ശനങ്ങളെ വ്യാപകമായി ദുര്‍വ്യാഖ്യാനിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ദര്‍ബാറുകളില്‍ ഇരുന്നാല്‍ മാത്രം പോരെന്നും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പുതിയ തലമുറയെ ആത്മീയതയിലേക്ക് നയിക്കണമെന്നും കാലം ആവശ്യപ്പെടുന്നു. ലോകത്ത് എവിടെ തീവ്രവാദികളുണ്ടായാലും അവര്‍ക്ക് ഒരിക്കല്‍പോലും ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്തുണ ഉണ്ടായിട്ടില്ല. മാത്രവുമല്ല ഒരു ഭീകര പ്രസ്ഥാനത്തിനും ഇന്ത്യന്‍ മുസ്‌ലിംകളെ സ്വാധീനിക്കാനും സാധിച്ചിട്ടില്ല. കാരണം രാജ്യത്തെ മുസ്‌ലിംകളെ നയിക്കുന്നത് ആധ്യാത്മികലോകമാണ്. മതത്തെ ആധികാരികമായി പഠിച്ച വിജ്ഞാനതേജസ്വികള്‍.
ലോകം അനുഭവിക്കുന്ന ഭീകരവാദ- തീവ്രവാദ പ്രശ്‌നങ്ങള്‍ക്കും ആഭ്യന്തര കലാപങ്ങള്‍ക്കുമുള്ള പരിഹാരത്തിന്റെ ഒരുത്തമ മാതൃക ലോകത്തിന് മുന്നില്‍ ഇന്ത്യ കാഴ്ചവെക്കുകയാണ്. സമാധാനമാണ് പരിഹാരമെന്നും പ്രാര്‍ഥനയാണ് ആയുധമെന്നും ലോകത്തിന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. പരശതം രാജ്യങ്ങളില്‍ നിന്നുള്ള ആത്മീയ കുലപതികള്‍ക്ക് രാജ്യതലസ്ഥാനം പരവതാനി വിരിക്കുന്നു. നാല് രാപകലുകള്‍ അധ്യാത്മികതയുടെ ബഹുസ്വരമുഖം- ലോകം കാണാന്‍ പോകുകയാണ്. സത്യദര്‍ശനങ്ങളുടെ നൂലിഴ പിരിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും- കൊടുക്കല്‍ വാങ്ങലുകളും രാജ്യത്തിന് മറക്കാന്‍ കഴിയാത്ത സുവര്‍ണാധ്യായങ്ങളായിരിക്കും. ഉത്തരേന്ത്യന്‍ ആത്മീയകേന്ദ്രങ്ങളും ബറേലി ശരീഫിന്റേയും കച്ചൗച്ച ശരീഫിന്റെയും മര്‍ഹറ ശരീഫിന്റെയും ആത്മീയ പരിസരങ്ങള്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവിടെ ഒട്ടേറെ സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട് എന്നാല്‍ ഈ അനുഭവങ്ങള്‍ ഡല്‍ഹിക്ക് ഇതാദ്യമാണ്. രാജ്യത്തിന്റെ ധാര്‍മിക വിദ്യാഭ്യാസ പുരോഗതിക്ക് പുതിയ രൂപരേഖ തയ്യാറാക്കുന്ന സമ്മേളനത്തിലെ പ്രധാനപ്പെട്ട സെമിനാറില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ ഉള്ളവര്‍ പങ്കെടുക്കുന്നു എന്നതും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുഖ്യധാരാ പണ്ഡിതന്‍മാരും ആധ്യാത്മിക നേതാക്കളും എത്തിച്ചേരുന്നു എന്നതും ഈ സമ്മേളനം ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചയാകാന്‍ കാരണമായി.
സഹിഷ്ണുതയുടെ സ്‌നേഹമന്ത്രങ്ങള്‍ ലോകത്തിന് സമ്മാനിക്കുന്ന സമ്മേളനം ഭീകരവാദത്തിനും തീവ്രവാദത്തിനും ഇന്ത്യന്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ കഴിയില്ല എന്നതിന്റെ പുനര്‍ പ്രഖ്യാപനം കൂടിയാകും.

 

Latest