Connect with us

International

മ്യാന്‍മറില്‍ സൂകിയുടെ വിശ്വസ്തന്‍ പ്രസിഡന്റ്

Published

|

Last Updated

നായ്പിഡോ: അമ്പത് വര്‍ഷത്തിലധികം നീണ്ടുനിന്ന സൈനിക ഭരണത്തിന് ശേഷം മ്യാന്‍മറിലെ ആദ്യ സിവിലിയന്‍ പ്രസിഡന്റായി ആംഗ് സാന്‍ സൂകിയുടെ വിശ്വസ്തനായ തിന്‍ ക്വ തിരഞ്ഞെടുക്കപ്പെട്ടു. മ്യാന്‍മര്‍ പാര്‍ലിമെന്റിലെ ഇരുസഭകളും ചേര്‍ന്നാണ് തിന്‍ ക്വയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പോള്‍ ചെയ്ത 652 വോട്ടുകളില്‍ 360 വോട്ട് നേടിയാണ് തിന്‍ ക്വ വിജയിച്ചത്. ആംഗ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി കഴിഞ്ഞ നവംബറില്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിരുന്നു.

സൂകിയുടെ വിജയമാണിതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തിന്‍ ക്വ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്ക് സൈന്യം നാമനിര്‍ദേശം ചെയ്ത മിന്ത് സ്വെ 213 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സൈനിക ഭരണകൂടത്തിന്റെ നേതാവായ താന്‍ ഷ്വോയുടെ വിശ്വസ്തനാണ് മിന്ത് സ്വെ. പാര്‍ലിമെന്റിന്റെ ഉപരിസഭയില്‍ നിന്ന് നാമനിര്‍ദേശം ചെയ്ത ചിന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള എം പി ഹെന്റി വാന്‍ തിയോക്ക് 79 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍ വൈസ് പ്രസിഡന്റുമാരാകും. പാര്‍ലിമെന്റിന്റെ അധോസഭ, ഉപരിസഭ, പട്ടാള ബ്ലോക്ക് എന്നിങ്ങനെ മൂന്നിടങ്ങളില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ഥികളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യേണ്ടതുണ്ട്.
മൂന്ന് പതിറ്റാണ്ട് കാലം എന്‍ എല്‍ ഡിയുടെ നേതൃസ്ഥാനത്തുള്ള സൂകിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഭരണഘടനാപരമായി തടസ്സമുള്ളതിനാലാണ് വിശ്വസ്തനായ തിന്‍ ക്വയെ അധോസഭയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. മ്യാന്‍മര്‍ ഭരണഘടന പ്രകാരം മക്കള്‍ക്ക് വിദേശ പൗരത്വമുണ്ടെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. സൂകിയുടെ രണ്ട് മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്.

---- facebook comment plugin here -----

Latest