Connect with us

Kerala

കരുണ; സര്‍ക്കാറിനെതിരെ കെ പി സി സിയില്‍ രൂക്ഷ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാരിന് കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം. കരുണ എസ്റ്റേറ്റിന് നികുതി അടക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചെന്നായിരുന്നു പ്രധാന വിമര്‍ശനം. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചേ മതിയാകൂ എന്നു എ ജിയുടെ നിയമോപദേശം തേടേണ്ടതില്ലെന്നും കെ പി സി സിയില്‍ സുധീരന്‍ തുറന്നടിച്ചു. ഒരു കൊള്ളക്കും കൂട്ടു നില്‍ക്കാനില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. കെ പി സി സി അധ്യക്ഷനൊപ്പം ഉപാധ്യക്ഷന്‍ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരായിരുന്നു പ്രധാനമായും ഈ വിഷയത്തില്‍ സര്‍ക്കാരിനെയും റവന്യൂവകുപ്പിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റവന്യൂവകുപ്പില്‍ നിന്നു അടിക്കടിയുണ്ടാകുന്ന ഉത്തരവുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെയും മുന്നണിയുടെ സാധ്യതകളെയും ദോഷകരമായി ബാധിക്കും. വിവാദമായ ശേഷവും ഉത്തരവ് പിന്‍വലിക്കാതെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാനുള്ള ഉന്നതതല യോഗതീരുമാനത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. എ ജി എസ്റ്റേറ്റ് ലോബിയുടെ വക്താവാണെന്ന് ആയിരുന്നു ടി എന്‍ പ്രതാപന്റെ വിമര്‍ശനം. കെ പി സി സി പ്രസിഡന്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉത്തരവ് നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം ജനങ്ങള്‍ക്കിടയില്‍ സംശയത്തിനിടയാക്കും. മെത്രാന്‍ കായല്‍,കടമക്കുടി വിഷയങ്ങളില്‍ അടക്കം റവന്യൂവകുപ്പ് അടുത്തിടെ സ്വീകരിച്ച നടപടികളൊക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിനെതിരേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഈ വിഷയങ്ങളില്‍ തന്റെ നിലപാട് വി എം സുധീരന്‍ യോഗത്തിലും ആവര്‍ത്തിച്ചു.

യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകളിലെ പുരോഗതി യോഗം വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. എ.കെ.ആന്റണിയും ഇക്കാര്യത്തില്‍ തന്റെ നിലപാട് യോഗത്തെ അറിയിച്ചു. മികച്ച സ്ഥാനാര്‍ഥികളെ അണിനിരത്തിയാല്‍ മാത്രമേ ഭരണത്തുടര്‍ച്ച ലഭിക്കൂവെന്നും ആന്റണി അഭിപ്രായപ്പെട്ടു. കെ പി സി സി ഭാരവാഹികള്‍, മുന്‍ പിസിസി അധ്യക്ഷന്മാര്‍,ഡി സി സി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍,പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍,വക്താക്കള്‍ എന്നിവരുടെ സംയുക്ത യോഗമാണ് കെ പി സി സിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും യോഗത്തില്‍ പങ്കെടുത്തു. വൈകിട്ട് ആരംഭിച്ച യോഗം രാത്രി വൈകിയും തുടര്‍ന്നു. ഇന്നു രാവിലെ നിര്‍വാഹക സമിതി യോഗവും ചേരും.

Latest