Connect with us

Kerala

പാലക്കാട്ടും മലപ്പുറത്തും വന്‍ കുഴല്‍പ്പണ വേട്ട: 4.16 കോടി രൂപ പിടിച്ചെടുത്തു

Published

|

Last Updated

പാലക്കാട്: വാഹനപരിശോധനക്കിടെ 2,97,50,000 രൂപയുടെ കുഴല്‍പണം പോലീസ് പിടികൂടി. ജില്ലാ എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡി വൈ എസ് പി സുല്‍ഫീക്കര്‍, ചിറ്റൂര്‍ സി ഐ. കെ എം ബിജു എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചിറ്റൂര്‍- ഗോപാലപുരം റോഡില്‍ ആലംകടവ് പാലത്തിന് സമീപം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ക്രീറ്റ ആഡംബര കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്തുകയായിരുന്ന കുഴല്‍പണം പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് താമരശ്ശേരി ഉണ്ണിക്കുളം സ്വദേശികളായ വി കെ ഹാരിസ്(35), വടക്കേപറമ്പില്‍ ഹൗസ് സി കെ ഹാരിസ് (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് പിടിയിലായവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതിന് മുമ്പും കുഴല്‍പണം കടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വാഹനത്തിന്റെ സീറ്റിനടിയില്‍ രഹസ്യഅറ നിര്‍മിച്ച് അതില്‍ പണം ഒളിപ്പിച്ചാണ് കടത്താറുള്ളത്.

BLACK 1

പാലക്കാട്ട് പിടിയിലായ വി കെ ഹാരിസ്, സി കെ ഹാരിസ്‌

വാഹനം പരിശോധിച്ച സമയം പ്രതികള്‍ വാഹനത്തില്‍ ഒന്നും ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയിലൂടെ രഹസ്യ അറ പോലീസ് കണ്ടെത്തുകയായിരുന്നു. കുഴല്‍പണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് അതിര്‍ത്തി സ്റ്റേഷനുകളില്‍ പ്രത്യേക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹന പരിശോധന നടത്തി വരികയാണ്. കേരളത്തിലേക്ക് അതിര്‍ത്തി പ്രദേശങ്ങളിലൂടെ ദിവസവും കോടിക്കണക്കിന് രൂപയുടെ കുഴല്‍പണം വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആഡംബര കാറുകളാണ് പണം കടത്തുന്നതിനായി കുഴല്‍പണക്കാര്‍ ഉപയോഗിക്കുന്നത്.
ചിറ്റൂര്‍ എസ് ഐ ബഷീര്‍ സി ചിറക്കല്‍, എസ് ഐ രാജേഷ് അയോടന്‍, എസ് ഐ വിജയന്‍, സി പി ഒമാരായ ബ്രിജിത്ത്, ശ്രീനാഥ്. ജൂനൈദ്, വിനോദ് കുമാര്‍, സന്തോഷ്‌കുമാര്‍, രഘു, രഞ്ജിത്ത്, ഡി വി ആര്‍ എച്ച് സി ബാലന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പെരിന്തല്‍മണ്ണ: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കാര്‍ മാര്‍ഗം കടത്തുകയായിരുന്ന 1.19 കോടി രൂപ പെരിന്തല്‍മണ്ണ തൂതയില്‍ പോലീസ് പിടികൂടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ അതിര്‍ത്തികളില്‍ നിയോഗിച്ച പ്രത്യേക വാഹന പരിശോധനാ സംഘമാണ് കുഴല്‍പ്പണം പിടിച്ചത്. പട്ടാമ്പി കൊപ്പം സ്വദേശികളായ തൃപ്രങ്കാവില്‍ അബ്ദുര്‍റശീദ് (35), തൃപ്രങ്കാവില്‍ മുഹമ്മദ് നവാസ് (26) എന്നിവരാണ് പടിയിലായത്.

BLACK 2

മലപ്പുറത്ത് പിടിയിലായ മുഹമ്മദ് നവാസ്, അബ്ദുര്‍റശീദ്

മാരുതി റിറ്റ്‌സ് കാറിന്റെ മുന്‍സീറ്റുകളുടെ അടിഭാഗത്തായി പ്രത്യേക അറയുണ്ടാക്കി അതിനുള്ളില്‍ 1000, 500 രൂപയുടെ നോട്ടുകള്‍ കെട്ടുകളാക്കി അടുക്കിവെച്ച രീതിയിലായിരുന്നു. ഒറ്റനോട്ടത്തില്‍ കണ്ടുപിടിക്കാനാകാത്ത വിധം വിദഗ്ധമായാണ് അറകള്‍ നിര്‍മിച്ചിരിക്കുന്നത്. കാര്‍ കസ്റ്റഡിയിലെടുത്തു. അന്തര്‍ജില്ലാ ബന്ധമുള്ള വന്‍ ഹവാല റാക്കറ്റിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ആഢംബര വാഹനങ്ങളില്‍ കൊണ്ടുവന്ന ആറ് കോടിയോളം രൂപയും 13 കിലോ സ്വര്‍ണവും രണ്ട് തവണയായി പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയിരുന്നു. സി ഐ. എ എം സിദ്ദീഖ്, എസ് ഐ ജോബി തോമസ്, പ്രത്യേക അന്വേഷണ സംഘത്തിലെയും പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലീസിലെയും ഉദ്യോഗസ്ഥരായ എ എസ് ഐ. പി മോഹന്‍ദാസ്, പി എന്‍ മോഹനകൃഷ്ണന്‍, സി പി മുരളി, വിനോജ്, ബി സജീവ്, ദിനേശന്‍, കൃഷ്ണകുമാര്‍, എന്‍ വി ശബീര്‍, അഭിലാഷ്, ടി കുഞ്ഞയമു, ജയമണി, മുഹമ്മദ് അശ്‌റഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Latest