Connect with us

Palakkad

പാലക്കാട്ട് ഇത്തവണ തീപ്പാറും മത്സരം

Published

|

Last Updated

പാലക്കാട്: നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിന് വീണ്ടും പാലക്കാട് മണ്ഡലത്തില്‍ വിജയിക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും എതിരാളികള്‍ ശക്തരായതോടെ അത്രയെളുപ്പം കഴിഞ്ഞ തവണത്തെ പോലെ വിജയിക്കാനാവില്ലെന്ന നിലയിലാണിപ്പോള്‍. സി പി എം സ്ഥാനാര്‍ഥിയായി മുന്‍ എം പി കൂടിയായ എന്‍ എന്‍ കൃഷ്ണദാസ്, ബി ജെ പി സ്ഥാനാര്‍ഥിയായി ശോഭ സുരേന്ദ്രനും രംഗത്ത് വന്നതോടെയാണ് പാലക്കാടിന്റെ ചിത്രത്തിന് മാറ്റം വന്നത്.

ഷാഫിയെ പോലെ തന്നെ ഇത്തവണ വിജയിക്കാനാണ് സ്ഥാനാര്‍ഥിയായതെന്നാണ് എന്‍ എന്‍ കൃഷ്ണദാസും ശോഭസുരേന്ദ്രനും പറയുന്നത്. മൂവരും വിജയം സ്വപ്‌നം കാണുന്നുണ്ടെങ്കിലും ജനകീയ കോടതി വിധി ആര്‍ക്ക് അനൂകൂലമാകുമെന്നതിനെക്കുറിച്ച് കൃത്യമായി പറയാന്‍ സാധ്യമല്ല. ജില്ലയില്‍ 12 സീറ്റാണുള്ളത്. ഈ സീറ്റുകളില്‍ പാലക്കാട്ട് മാത്രമാണ് പ്രധാന മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞിട്ടുള്ളത്. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍ ഉടനെ പ്രഖ്യാപിക്കപ്പെടും. ജില്ലയുടെ ആസ്ഥാന കേന്ദ്രമായ പാലക്കാട്ടില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ഷാഫി പറമ്പിലിനെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഷാഫിക്ക് വീണ്ടുമൊരു അവസരത്തിന് വഴിതെളിഞ്ഞത്.
പാലക്കാട്ട് രണ്ടാമതായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ബി ജെ പിയാണ്.

കോണ്‍ ഗ്രസിന്റെ കരുത്തനായ സ്ഥാനാര്‍ഥിയെ നേരിടാന്‍ അതിലും കൂടുതല്‍ കരുത്തുള്ള ആളുവേണമെന്ന തിരിച്ചറിവിലായിരുന്നു ബി ജെ പി. അങ്ങിനെയാണ് പ്രാസംഗികയും മികച്ച സംഘാടകയുമാ യ ശോഭസുരേന്ദ്രന്‍ അങ്കക്കളത്തില്‍ എത്തുന്നത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് നിന്നു മത്സരിച്ച ശോഭ ഒന്നര ലക്ഷത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. ഈ വോട്ട് പിടുത്തം ശോഭക്കും ബി ജെ പിക്കും ഒരു പോലെ ആത്മവിശ്വാസം പകരുന്നുണ്ട്. നേരത്തെ ഇവരുടെ സ്ഥാനാര്‍ത്ഥിത്വം ചൊല്ലി വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ എസ് എസ് ഇടപെട്ട് അത് പരിഹരിക്കുകയാണുണ്ടായത്.

ഷാഫിയെപ്പോലെ ശോഭാ സുരേന്ദ്രനും മണ്ഡലത്തില്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞു.
യു ഡി എഫ്-ബി ജെ പി അണിയറ പ്രചരണം മുറുകമ്പോഴാണ് സി പി എം സ്ഥാനാര്‍ഥിയായി മുന്‍ പാലക്കാട് എം പി. എന്‍ എന്‍ കൃഷ്ണദാസിന്റെ പേരു പ്രഖ്യാപിക്കപ്പെട്ടത്. മുന്‍ എം എല്‍ എ. കെ കെ ദിവാകരന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നതെങ്കിലും ചില പ്രത്യേക സാഹചര്യത്തില്‍ കൃഷ്ണദാസിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. നേരത്തെ വി എസ് പക്ഷക്കാരനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിട്ടുണ്ട്. പാലക്കാട്ട് നേരത്തെ നാല് തവണ എം പിയായിട്ടുളള കൃഷ്ണദാസ് ആ പരിചയത്തിന്റെ ബലത്തിലാണ് ഷാഫിയേയും ശോഭയേയും നേരിടാന്‍ ഒരുങ്ങുന്നത്. ഇതിനിടയില്‍ മുന്‍കാലങ്ങളില്‍ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, അദ്ദേഹത്തിന് തന്നെ പാരയാകുമെന്ന വിലയിരുത്തല്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

പാലക്കാട്ട് ആദ്യ തവണ രാജേഷ് മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം (1,820) നന്നേ കുറഞ്ഞിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇതിനുകാരണമെന്നും കൃഷ്ണദാസിന് ഇതില്‍ പങ്കുണ്ടെന്നും പാലക്കാട്ടെ പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുളളതാണ്. വിഭാഗീയത ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. അത് പരിഹരിച്ച് പോയാല്‍ കൃഷ്ണദാസിന് ഗുണം ലഭിക്കും. പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂര്‍ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് പാലക്കാട് മണ്ഡലം.

2011-ല്‍ 47,641 വോട്ട് നേടി 7,403 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഷാഫി ജയിച്ചത്. സി പി എമ്മിലെ കെ കെ ദിവാകരന്‍ 40,238 വോട്ടും ബി ജെ പിയിലെ സി ഉദയഭാസ്‌ക്കര്‍ 22,317 വോട്ടും നേടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ ബി ജെ പിക്കൊപ്പം നിന്നു. മാത്തൂരും കണ്ണാടിയും ഇടതുമുന്നണി ഭരണത്തിലാണ്. പിരിയാരി വലതുമുന്നണിക്കൊപ്പമാണ്. എന്നാല്‍ കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ യു ഡി എഫ് തന്നെയാണ് മുന്നില്‍. 46,418. എല്‍ ഡി എഫ് 42,505 വോട്ടുനേടിയപ്പോള്‍ ബി ജെ പി 37,177 വോട്ടുനേടി.
ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാലക്കാട് എങ്ങോട്ടു വേണമെങ്കിലും ചായാം എന്നുളളതാണ്.

---- facebook comment plugin here -----

Latest