Connect with us

Kerala

വരള്‍ച്ച: വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: രൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്നുണ്ടായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ളം അടിയന്തരമായി വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥനിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. ജില്ലാ കലക്ടര്‍മാരായിരിക്കും ഇതിന് നേതൃത്വം നല്‍കുക. ജനപ്രതിനിധികളുടെ സാന്നിധ്യം ഇക്കാര്യത്തിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ടമുണ്ടെങ്കിലും ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാതിരിക്കാനാവില്ല. മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജല, റവന്യൂ, കൃഷി മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ചൂട് കൂടിവരുന്ന സാഹചര്യം യോഗം വിലയിരുത്തി. ഓരോ വകുപ്പുകളും സ്വീകരിച്ച നടപടികള്‍ പ്രത്യേക യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. പാലക്കാട് ജില്ലയില്‍ വേനല്‍ രൂക്ഷമായിരിക്കുകയാണ്. വേനല്‍ നേരിടാന്‍ സ്വീകരിക്കുന്ന നടപടികള്‍ ചീഫ് സെക്രട്ടറി നിരീക്ഷിക്കും. വ്യാപകമായല്ലെങ്കിലും പല ജില്ലകളിലും കൃഷി നാശമുണ്ടായിട്ടുണ്ട്. ഇതിലുപരി കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് അവരുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്താന്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യാനുസരണം ഫണ്ട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.