Connect with us

Kerala

ബി ജെ പിക്കുമുണ്ട് 'പ്രതീക്ഷ'കള്‍

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം ശക്തികേന്ദ്രങ്ങളുള്ള ബി ജെ പി ഇക്കുറി സംസ്ഥാന വ്യാപകമായി “പ്രതീക്ഷ” പുലര്‍ത്തിയാണ് മത്സരത്തിനിറങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലും പാലക്കാട് മണ്ഡലത്തിലും കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും മാത്രമാണ് ബി ജെ പി മുമ്പ് കരുത്തുകാട്ടിയിട്ടുള്ളതെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

തിരുവനന്തപുരത്തോടൊപ്പം തൃശൂര്‍ ജില്ലയിലും മികച്ച സ്വാധീനം തെളിയിക്കാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. തലസ്ഥാന ജില്ലയില്‍ നേമത്തിനും വട്ടിയൂര്‍കാവിനും പുറമേ കഴക്കൂട്ടം, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, പാറശാല, കോവളം എന്നീ മണ്ഡലങ്ങളില്‍ ബിജെപി അരയും തലയും മുറുക്കി അംഗത്തിനു തയാറെടുക്കുകയാണ്.
തൃശൂര്‍ ജില്ലയിലെ മണലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, പുതുക്കാട് എന്നി മണ്ഡലങ്ങളില്‍ കരുത്ത് തെളിയിക്കാനാകുമെന്ന് ബി ജെ പി കണക്കൂ കൂട്ടുന്നത്. ഈ രണ്ടു ജില്ലകളെ മാറ്റിനിര്‍ത്തിയാല്‍ പത്തനംതിട്ട ജില്ലയില്‍ ആറന്മുള, റാന്നി, അടൂര്‍ മണ്ഡലങ്ങളും ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളും, കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളും, എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയും, ഇടുക്കി ജില്ലയില്‍ തൊടുപുഴ മണ്ഡലവുമാണ് ബി ജെ പി ജയസാധ്യത കല്‍പ്പിക്കുന്നത്. അതിനാല്‍ത്തന്നെ ഈ മണ്ഡലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം. പാര്‍ട്ടി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പ്രധാനമായും ഈ മണ്ഡലങ്ങളുടെ കാര്യമാണ് പരിഗണിച്ചത്. ആദ്യം പുറത്തിറക്കിയ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇവയില്‍ മിക്ക മണ്ഡലങ്ങളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരനും ഒ രാജഗോപാലുമടക്കം പ്രമുഖ നേതാക്കളെയാണ് സാധ്യതാ മണ്ഡലങ്ങളില്‍ നിന്നും മത്സരിപ്പിക്കുന്നത്.
മണ്ഡലങ്ങളെ ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിച്ചാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിന്റെയും പാര്‍ട്ടി അംഗത്വത്തിന്റേയും അടിസ്ഥാനത്തിലാണ് മണ്ഡലങ്ങളെ തരംതിരിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 30,000ത്തില്‍ കൂടുതല്‍ വോട്ടു ലഭിക്കുകയും 20,000ത്തില്‍ അധികം പാര്‍ട്ടി അംഗങ്ങള്‍ ഉള്ളതുമായ മണ്ഡലങ്ങളെയാണ് ആദ്യം പരിഗണിക്കുന്നത്.

Latest