Connect with us

Gulf

ബുര്‍ജ് ഖലീഫയില്‍ പിരിയന്‍ കോണി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ സന്ദര്‍ശകര്‍ക്കായി പിരിയന്‍ കോണി ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് നഗരക്കാഴ്ച കാണാന്‍ സജ്ജമാക്കിയിരിക്കുന്ന 124ാം നിലയെ 125ാം നിലയുമായി ബന്ധിപ്പിച്ചാണ് സ്‌പൈറല്‍ ഫ്‌ളൈറ്റ് എന്ന പേരില്‍ പിരിയന്‍ കോണി നിര്‍മിച്ചിരിക്കുന്നത്. 100 മീറ്റര്‍ നീളത്തില്‍ 36 പടികളാണ് കോണിക്കുള്ളത്. 60 മെട്രിക് ടണ്‍ ഉരുക്ക്, 700 ചതുരശ്രമ മീറ്റര്‍ ചില്ല്, 350 ചതുരശ്രമീറ്റര്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒരേസമയം 150 പേര്‍ക്ക് പിരിയന്‍ കോണിയിലൂടെ കടന്നുപോകാനാവും.
കോണിയോട് ചേര്‍ന്നുള്ള ചില്ലിലൂടെ ദുബൈ നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയും കടന്നുപോകുന്നവര്‍ക്ക് ആസ്വദിക്കാനാവും. 124ാം നിലയിലാണ് ലോക പ്രശസ്തമായ ബുര്‍ജ് ഖലീഫയിലെ നിരീക്ഷണ ഡക്ക് സ്ഥിതിചെയ്യുന്നത്. 2010ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. അന്നു മുതല്‍ ഈ ഡക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിരിക്കയാണ്. ദിനേന നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. ദുബൈയില്‍ എത്തുന്നവര്‍ക്ക് നഗരത്തിന്റെ വേറിട്ട കാഴ്ചയാണ് നൂറു കണക്കിന് മീറ്റര്‍ ഉയരത്തില്‍നിന്ന് ലഭിക്കുന്നത്. ഇവിടെ നിന്നും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ഡെക്കായ 148ാം നിലയിലേക്ക് ആകാശ യാത്ര നടത്താനും സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള ചിത്രങ്ങള്‍ പിടിക്കാനും ഇവിടെ നിന്നാവും. 1,200 ആളുകള്‍ 24 മണിക്കൂറും ജോലി ചെയ്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 828 മീറ്റര്‍ ഉയരത്തില്‍ 163 നിലകളിലായാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ നിര്‍മിച്ചിരിക്കുന്നത്. 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനായി 150 കോടി യു എസ് ഡോളറാണ് അന്ന് ചെലവഴിച്ചത്. 2004 സെപ്തംബര്‍ 21നായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.