Connect with us

Gulf

അന്താരാഷ്ട്ര സുരക്ഷാ പ്രദര്‍ശനം: സന്ദര്‍ശകരെ ആകര്‍ഷിച്ച് തോക്കുകളും റോബോട്ടുകളും

Published

|

Last Updated

അബുദാബി: നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര സുരക്ഷാ പ്രദര്‍ശനമായ ഐ എസ് എന്‍ ആറിലെ തോക്കുകളും പിസ്റ്റളുകളും റോബോട്ടുകളും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.
എമിറേറ്റ്‌സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി തദ്ദേശീയമായി നിര്‍മിച്ച പിസ്റ്റളുകളും ഓട്ടോമാറ്റിക് തോക്കുകളും കവചിത വാഹനങ്ങളും പ്രദര്‍ശനത്തിലുണ്ട്. അബുദാബി, ദുബൈ പോലീസുകളുടെ സൂപ്പര്‍ കാര്‍ ശേഖരവും പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇതോടൊപ്പം അബുദാബി പോലീസിന്റെ വിന്റേജ് വാഹന ശേഖരവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഈ വാഹനങ്ങളിലെ സജ്ജീകരണങ്ങളെ അടുത്തറിയാനും അവസരമുണ്ട്.
കൂടാതെ ഓരോ രാജ്യങ്ങളില്‍നിന്നുള്ള റോബോട്ടുകളും സുരക്ഷാ വാഹനങ്ങളും സെന്‍സിറ്റീവ് നിരീക്ഷണ ക്യാമറയുള്‍പെടെയുള്ള ഉപകരണങ്ങളും അതിന്റെ സോഫ്റ്റ്‌വെയറുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. യു എ ഇക്ക് പുറമേ സഊദി അറേബ്യ, ഫ്രാന്‍സ്, പോളണ്ട് തുടങ്ങി 45 രാജ്യങ്ങളില്‍ നിന്നുള്ള 500ഓളം പ്രദര്‍ശകരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പ്രദര്‍ശനം, യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം 17 വരെ തുടരും.

Latest