Connect with us

Kasargod

രോഷാകുലരായ ജനക്കൂട്ടം ചെക്ക്‌പോസ്റ്റും എസ് പിയുടെ വാഹനവും ആക്രമിച്ചു

Published

|

Last Updated

രോഷാകുലരായ ജനക്കൂട്ടം മറിച്ചിട്ട് തകര്‍ത്ത ജീപ്പ്.

മഞ്ചേശ്വരം: മത്സ്യവാഹനം ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരണപ്പെട്ട സംഭവം സംഘര്‍ഷത്തിനു കാരണമായി. തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ ഇന്നലെ പുലര്‍ച്ചെവരെ നീണ്ടു.
രോഷാകുലരായ ജനക്കൂട്ടം ചെക്ക്‌പോസ്റ്റും എസ് പിയുടെ വാഹനവും ആക്രമിച്ചു. കുഞ്ചത്തൂര്‍ ഇര്‍ഷാദ് നഗറിലെ ശഹ്ദാനാണ് (20) കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
ചെക്കുപോസ്റ്റിലെ അശാസ്ത്രീയമായ വാഹന പരിശോധനയാണ് ശഹദാന്‍ അപകടത്തില്‍പെടാന്‍ കാരണമായത്. ഇത്തരത്തിലുള്ള വാഹന പരിശോധന കാരണം ഈ ചെക്കുപോസ്റ്റ് പരിസരത്ത് നിരവധി അപകട മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും നിരുത്തരവാദപരമായ പരിശോധന തുടരുകയായിരുന്നു.
സംഭവത്തില്‍ പ്രകോപിതരായ ജനക്കൂട്ടം ചെക്ക്‌പോസ്റ്റ് അക്രമിക്കുകയാണുണ്ടായത്. തുടര്‍ന്ന് വാണിജ്യ നികുതി വകുപ്പ് ഓഫീസിന് മുന്നിലെ സര്‍ക്കാര്‍ ജീപ്പ് നാട്ടുകാര്‍ തള്ളിക്കൊണ്ടുപോയി കുഴിയിലേക്കിടുകയായിരുന്നു. തൊട്ടടുത്ത എക്‌സൈസ് ഓഫീസിന് മുന്നിലുണ്ടായിരുന്ന ജീപ്പും വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്ഥാപിച്ച രണ്ട് കൂറ്റന്‍ ഏണികളും വാണിജ്യ നികുതി ഓഫീസിന്റെയും എക്‌സൈസ് ഓഫീസിന്റെയും ജനല്‍ ഗ്ലാസുകളും തകര്‍ത്തു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷനിലെ ജീപ്പും വിവരമറിഞ്ഞ് എസ് ഐ എത്തിയ ആള്‍ട്ടോ കാറും സംഘര്‍ഷത്തിനിടെ തകര്‍ക്കപ്പെട്ടു. ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്റെ കാറിന് നേരെയും കല്ലേറുണ്ടായി. അഞ്ചോളം കെ.എസ് ആര്‍ ടി സി ബസുകളുടെ ഗ്ലാസുകളും കല്ലേറില്‍ തകര്‍ന്നു.
മൂന്ന് ബസുകള്‍ നിറയെ പൊലീസുകാര്‍ എത്തിയെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രണ്ടര മണിയോടെ ജില്ലാ പൊലീസ് ചീഫ് ജനങ്ങളുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കി അനുനയിപ്പിച്ച് പറഞ്ഞയക്കുകയുമായിരുന്നു.
മംഗളൂരു ശ്രീനിവാസ് കോളജിലെ ഇന്റീരിയല്‍ ഡിസൈനിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ ശഹ്ദാന്‍ എസ് എസ് എഫ് മഞ്ചേശ്വരം സെക്ടര്‍ സെക്രട്ടറി കൂടിയായിരുന്നു.
ബൈക്കോടിച്ച് പോകുന്നതിനിടയില്‍ പരിശോധന കഴിഞ്ഞ് പെട്ടെന്ന് റോഡിലേക്കെടുത്ത മീന്‍ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ഏതാനും ദിവസം മുമ്പാണ് ഇതേ സ്ഥലത്ത് ദമ്പതികളായ പാവൂരിലെ സക്കീറും ഹസീനയും മരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തിലേറെ അപകട മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

Latest