Connect with us

International

ഉത്തര കൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് ഒബാമയുടെ അനുമതി

Published

|

Last Updated

വാഷിംഗ്ടണ്‍: ആണവ പരീക്ഷണങ്ങളും മിസൈല്‍ വിക്ഷേപണങ്ങളും നടത്തിയതിന് പിന്നാലെ ഉത്തര കൊറിയക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചു. കപ്പല്‍ ഗതാഗതം, സാമ്പത്തികം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള ഫയലില്‍ ഒബാമ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി ആറിനും കഴിഞ്ഞ മാസം ഏഴിനും നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്ക് മേല്‍ നേരത്തെ യു എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഉത്തര കൊറിയന്‍ ജനതയെ ഉദ്ദേശിച്ചല്ലെന്നും സര്‍ക്കാറിന് മേലാണ് ഉപരോധമെന്നും ഒബാമ ഒപ്പുവെച്ച രേഖയില്‍ പറയുന്നു.
ഉത്തര കൊറിയന്‍ ഭരണ കക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കുമേലും ഖനന സ്ഥാപനങ്ങള്‍ക്കുമേലുമാണ് പ്രധാനമായും പുതിയ ഉപരോധം ഏര്‍പ്പെടുത്തുക. കിം ജോഗ് ഉന്‍ ഭരണകൂടത്തിന് കല്‍ക്കരി ഖനനത്തിലൂടെ ഒരു വര്‍ഷം ഒരു ബില്യന്‍ യു എസ് ഡോളര്‍ ലഭിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് പറയുന്നു.
അതേസമയം, യു എന്‍ ഉപരോധത്തിലും ദക്ഷിണ കൊറിയയുമായി അമേരിക്ക നടത്തുന്ന സംയുക്ത സൈനിക പരിശീലനത്തില്‍ പ്രതിഷേധിച്ച് ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ കൂടുതല്‍ നടത്തുമെന്ന് കിം ജോഗ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉത്തര കൊറിയയുടെ സൗഹൃദ രാജ്യമായ ചൈന വഴി ഇവരുടെ വ്യാപാരങ്ങള്‍ നടക്കുന്നുണ്ടെന്നും യു എന്‍ ഉപരോധം ഇവരെ കാര്യമായി ബാധിച്ചിട്ടില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
2014ല്‍ ഉത്തര കൊറിയ നടത്തിയ ആകെ കയറ്റുമതിയുടെ 90 ശതമാനവും ചൈന വഴിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉത്തര കൊറിയക്ക് മേല്‍ ചുമത്തുന്ന ഉപരോധം ഏതു രാജ്യമാണെങ്കിലും അതിനെ എതിര്‍ക്കുമെന്ന് ചൈന പ്രതികരിച്ചു.

 

Latest