Connect with us

Kerala

രാസപരിശോധന ഫലം: മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം

Published

|

Last Updated

തൃശൂര്‍:കലാഭവന്‍ മണിയുടെ ശരീരത്തില്‍ രാസപരിശോധന റിപ്പോര്‍ട്ട് പുറത്ത്. മണിയുടെ മരണ കാരണം ശരീരത്തിലെ കീടനാശിനിയുടെ അംശമെന്നാണ് റിപ്പോര്‍ട്ട്. ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. കാക്കനാട്ടെ റീജിയണല്‍ അനലെറ്റിക്കല്‍ ലാബിലാണ് പരിശോധന നടന്നത്. രാസപരിശോധനാ ഫലം പോലീസിന് കൈമാറി.

മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല് മെഥനോളിന്റെ അംശം കുറവായിരുന്നു എന്നാണ്‌
രാസപരിശോധനാ ഫലത്തില്‍ പറയുന്നത്‌.  ഇത് ചികിത്സ കൊണ്ട് കുറഞ്ഞതാകാം എന്നും ഫറയുന്നു. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് എക്‌സൈസിന്റേയും പ്രാഥമിക നിഗമനം. മണിയുടെ സഹായികളുടെ ഇടപെടല്‍ സംശയമുളവാക്കുന്നതാണെന്നും ഇവരുടെ ഇടപെടല്‍ മൂലം മദ്യ സാമ്പിളുകള്‍ ശേഖരിക്കാനായില്ലെന്നും എക്‌സൈസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ  കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയിലെടുത്തിരുന്നു. മണിയുടെ സഹായികളും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. ഇവര്‍ തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ടി.വി അവതാരകന്‍ സാബുവിനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പരാതി നല്‍കുമെന്നും സുഹൃത്തുക്കളെയും സഹായികളെയും സംശയിക്കുന്നെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു.  സംഭവത്തല്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ അനുവദനീയമായതിനേക്കാള്‍ വളരെ കൂടിയ അളവില്‍ അടങ്ങിയിരുന്നുവെന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍പറഞ്ഞിരുന്നു. വീടിനു സമീപം മണി സുഹൃത്തുക്കളുമായി ഒത്തുകൂടുന്ന പാഡിയില്‍ അവസാനം അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തവരില്‍ ആരിലും കാണാത്ത മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങനെ മണിയുടെ ശരീരത്തില്‍ മാത്രം കാണാനിടയായിയെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ ചോദിച്ചു.

പാഡി ഔട്ട് ഹൗസില്‍ വെച്ച് മണി  രക്തം ഛര്‍ദ്ദിച്ചിരുന്നുവെന്ന് സുഹൃത്തായ ഡോക്ടര്‍ സുമേഷ്  പറഞ്ഞു. സുമേഷാണ് മണിയെ ആശുപത്രിയിലെത്തിച്ചത്. രക്തം ഛര്‍ദ്ദിച്ചതായി അദ്ദേഹത്തിന്റെ സഹായി തന്നോട് പറഞ്ഞിരുന്നതായും സുമേഷ് വെളിപ്പെടുത്തി.

താന്‍ പാഡി ഹൗസിലെത്തുമ്പോള്‍ മണിയും സഹായിയും മാത്രമാണുണ്ടായിരുന്നത്. അസ്വസ്ഥയോടെ കിടക്കുകയായിരുന്നു അദ്ദേഹം. ഗുരുതരാവസ്ഥ കണ്ട് ആശുപത്രിയിലക്ക് പോകാമെന്ന് നിര്‍ബന്ധിച്ചെങ്കിലും ആദ്യം സമ്മതിച്ചില്ല. പിന്നീട് മയങ്ങാനുള്ള മരുന്ന് നല്‍കിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്നും സുമേഷ് വ്യക്തമാക്കി.

അതേ സമയം കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മണിയുടെ ഭാര്യ നിമ്മി പറഞ്ഞു മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കരള്‍ രോഗമുണ്ടായിരുന്നുവെന്ന് മണി തന്നെ അറിയിച്ചിരുന്നില്ലെന്നും നിമ്മി പറഞ്ഞു. ചാലക്കുടിയിലെ പാഡിയിലെത്തി മണി മദ്യപിക്കാറുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കാറുണ്ടായിരുന്നുവെന്ന് നിമ്മി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മണിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും നിമ്മി പറഞ്ഞു. മാര്‍ച്ച് 6ന് വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്.

Latest