Connect with us

Gulf

ജനങ്ങളുടെ സന്തോഷം; ജി സി സിയില്‍ മൂന്നാമത് ഖത്വര്‍

Published

|

Last Updated

ദോഹ: ലോകത്ത് ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന രാഷ്ട്രങ്ങളില്‍ മിഡില്‍ ഈസ്റ്റില്‍ മൂന്നാം സ്ഥാനം ഖത്വറിന്. ലോകതലത്തില്‍ 36 ാം സ്ഥാനമാണ് ഖത്വറിനുള്ളത്. തൊട്ടുമുമ്പില്‍ സഊദി അറേബ്യയാണ്. മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള യു എ ഇ ലോകതലത്തില്‍ 28 ാം സ്ഥാനത്താണ്. സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക് (എസ് ഡി എസ് എന്‍), കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഗല്ലൂപ് നല്‍കിയ ഡാറ്റയും റിപ്പോര്‍ട്ടിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും സന്തോഷമുള്ള രാഷ്ട്രം എന്ന ബഹുമതി ഡെന്മാര്‍ക്കിനാണ്. കഴിഞ്ഞ തവണ ഒന്നാമതായ സ്വിറ്റ്‌സര്‍ലാന്‍ഡിനെയാണ് ഡെന്മാര്‍ക്ക് പിന്നിലാക്കിയത്.
ജി സി സിയില്‍ പട്ടികയില്‍ ഇടം പിടിച്ച മറ്റ് രാഷ്ട്രങ്ങള്‍ കുവൈത്തും ബഹ്‌റൈനുമാണ്. 41, 42 സ്ഥാനങ്ങളാണ് യഥാക്രമം ഈ രാഷ്ട്രങ്ങള്‍ക്കുള്ളത്. യു എ ഇയുടെ സ്‌കോര്‍ 6.573ഉം സഊദിയുടെത് 6.379ഉം ഖത്വറിന്റെത് 6.375ഉം കുവൈത്തിന്റെത് 6.239ഉം ബഹ്‌റൈന്റെത് 6.218ഉം ആണ്.
ജി സി സി രാഷ്ട്രങ്ങളിലെ സര്‍വേക്ക് ഇംഗ്ലീഷിന് പുറമെ അറബിയും ഉപയോഗിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ അഭിപ്രായം സ്വരൂപിച്ചിരുന്നു. സാമ്പത്തികം, സാമൂഹികം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങള്‍ മാനദണ്ഡമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക വളര്‍ച്ച എന്നതിനൊപ്പം പാരസ്ഥിതിക സുസ്ഥിരതയും ആധാരമാക്കിയിട്ടുണ്ട്. ആളോഹരി വരുമാനം, ആരോഗ്യപൂര്‍ണമായ ജീവിതം, ജീവിതത്തിലെ ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതിയില്‍ നിന്നുള്ള മോചനം, ഉദാരത എന്നിങ്ങനെ വര്‍ഗീകരിച്ചാണ് ഓരോ രാഷ്ട്രത്തിന്റെയും മൊത്തം സ്‌കോര്‍ തയ്യാറാക്കിയത്.
156 രാഷ്ട്രങ്ങളിലാണ് സര്‍വേ നടത്തിയത്. ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, സ്വീഡന്‍ എന്നിവയാണ് ആദ്യ പത്തിലുള്ളത്. അമേരിക്കക്ക് പതിമൂന്നാം സ്ഥാനമാണുള്ളത്. ബ്രിട്ടന്‍ 23ഉം ഫ്രാന്‍സ് 32ഉം ഇറ്റലി 50ഉം സ്ഥാനത്താണ്. അയല്‍ രാഷ്ട്രങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവക്ക് പിറകെ 118 ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. സിറിയ, അഫ്ഗാനിസ്ഥാന്‍, എട്ട് സബ് സഹാറന്‍ രാഷ്ട്രങ്ങള്‍ എന്നിവയാണ് അവസാന പത്തിലുള്ളത്.
മാര്‍ച്ച് 20 ലോക സന്തോഷ ദിനമായി യു എന്‍ ആചരിക്കുന്നതിന്റെ മുന്നോടിയായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സാമ്പത്തികം, മനഃശാസ്ത്രം, സര്‍വേ വിശകലനം, നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ആരോഗ്യം, പൊതു നയം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്.