Connect with us

Gulf

ലോകകപ്പ് ആസ്വാദകര്‍ക്ക് മരുഭൂമിയില്‍ വാസ സൗകര്യം

Published

|

Last Updated

ദോഹ: ഖത്വറിലെ ലോകകപ്പ് കാണാനെത്തുന്ന ആയിരങ്ങള്‍ക്ക് മരുഭൂമിയില്‍ വാസ സൗകര്യമൊരുക്കും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡസേര്‍ട്ട് ക്യാംപുകളില്‍ ലോകകപ്പ് അതിഥികളായി എത്തുന്ന വിദേശികള്‍ക്ക് വാസ സൗകര്യങ്ങളൊരുക്കുക. ലോകത്തെ വിസ്മയിപ്പിക്കുന്ന ലോകകപ്പ് സംഘാടനത്തിന് തയാറെടുക്കുന്ന ഖത്വറിന്റെ പരിശ്രമങ്ങളിലൊന്നാണിത്.
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ കാണികളായും ഔദ്യോഗിക പ്രതിനിധികളായും എത്തുന്നവര്‍ക്ക് മതിയായ വാസ സൗകര്യങ്ങളൊരുക്കണമെന്ന ഫിഫയുടെ നിബന്ധന പൂര്‍ത്തിയാക്കാന്‍ ഖത്വറിനെ സഹായിക്കുന്ന ഒരു മാര്‍ഗംകൂടിയാണ് മരുഭൂമിയിലെ ക്യാംപുകള്‍. രാജ്യത്ത് 20,700 ഹോട്ടല്‍ റൂമുകളും സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകളും തയാറാക്കുമെന്ന് കഴിഞ്ഞ വര്‍ഷം ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മരുഭൂമിയിലെ ക്യാംപുകള്‍ എന്ന ആശയം അധികൃതര്‍ മുന്നോട്ടു വെക്കുന്നത്. 60,000 റൂമുകള്‍ സജ്ജമാക്കണമെന്നാണ് ഫിഫയുടെ നിര്‍ദേശം. എന്നാല്‍ ഖത്വറില്‍ ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളതും നിര്‍മാണത്തിലിരിക്കുന്നതുമായ പദ്ധതികള്‍ അനുസരിച്ച് 46,000 റൂമുകളാണുണ്ടാകുക. ബദല്‍ മാര്‍ഗങ്ങള്‍ കൂടി കണ്ടെത്തണമെന്ന് വിദഗ്ധരുടെ ശിപാര്‍ശകളുണ്ടായിരുന്നു.
വാസ സൗകര്യത്തിനായി ആഡംബരക്കപ്പലുകള്‍ ഉപയോഗിക്കുമെന്ന് ഇതിനകം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് നടക്കുമ്പോള്‍ 6,000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കപ്പുലുകളില്‍ സജ്ജമാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാലാവസ്ഥ അനുകൂലമാണെങ്കില്‍ കൂടുതല്‍ വിദേശികള്‍ മരുഭൂമിയിലെ ക്യാമ്പുകള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുമെന്ന് ടൂറിസം കണ്‍സള്‍ട്ടന്റുകള്‍ പറയുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കുറഞ്ഞ ചെലവില്‍ സജ്ജമാക്കാനാകുമെന്ന സൗകര്യവും ഡസേര്‍ട്ട് ക്യാംപുകള്‍ക്ക് അനുകൂലമാണ്. പുറം രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനുള്ള അവസരമായും മരുഭൂമി ക്യാംപുകള്‍ പരിഗണിക്കപ്പടുന്നു. തണുപ്പു കാലത്ത് സാധാരണയായി മരുഭൂമിയിലെ ക്യാംപുകള്‍ ഖത്വറില്‍ സജീവമാണ്. സ്വദേശികളും ടൂറിസ്റ്റുകളും ക്യാംപുവാസം ആഗ്രഹിക്കുന്നു. സന്ദര്‍ശകര്‍ തന്നെ നിര്‍മിക്കുന്ന സാധാരണ കൂടാരങ്ങളും ആഡംബര സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ടെന്റുകളുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഡസേര്‍ട്ട് ക്യാംപുകള്‍ സഞ്ചാരികളെ ആകര്‍ഷിച്ചു വരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പ് കാലത്തെ മരുഭൂമി ക്യാംപുകളിലേക്ക് കൂടുതല്‍പെരെ ആകര്‍ഷിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.

---- facebook comment plugin here -----

Latest