Connect with us

Ongoing News

ട്വന്റി-20 ലോകകപ്പ്: ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Published

|

Last Updated

കൊല്‍ക്കത്ത: ഐ സി സി ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് പാക്കിസ്ഥാന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു. മഴ കാരണം പതിനെട്ട് ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പതിനായിരങ്ങള്‍ ആര്‍ത്തലച്ച ആവേശപ്പോരില്‍ വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറിയാണ് സമ്മര്‍ദങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
സ്‌കോര്‍ : പാക്കിസ്ഥാന്‍ 118/5 (20 ഓവര്‍);ഇന്ത്യ 15.5 ഓവറില്‍ 119/4.
37 പന്തുകളില്‍ പുറത്താകാതെ 55 റണ്‍സടിച്ച കോഹ്‌ലിയാണ് കളിയിലെ താരം. പതിവ് പോലെ ക്യാപ്റ്റന്‍ ധോണിയായിരുന്നു മത്സരത്തിലെ ഫിനിഷര്‍. എട്ട് പന്തുകളില്‍ പന്ത്രണ്ട് റണ്‍സടിച്ച ധോണി ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ സ്‌ട്രെയിറ്റ് സിക്‌സര്‍ പറത്തി ഡ്രോ ആക്കി. അടുത്ത പന്തില്‍ സിംഗിളെടുത്ത് ജയം പൂര്‍ത്തിയാക്കി. രോഹിത് ശര്‍മ (10), ശിഖര്‍ ധവാന്‍ (6) എന്നിവര്‍ക്ക് പിന്നാലെ സുരേഷ് റെയ്‌ന ആദ്യ പന്തില്‍ ഡക്ക് ആയതും ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍, വിരാടും യുവരാജും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ പതിയെ ഉയര്‍ത്തി. സ്‌ട്രോക്ക് പ്ലേയിലൂടെ മുഹമ്മദ് സമിയെ കോഹ്‌ലിയും യുവരാജും ക്ലീന്‍ ബൗണ്ടറി പായിച്ചതോടെ ഇന്ത്യന്‍ ടീം ആത്മവിശ്വാസം കൈവരിച്ചു. രണ്ടോവര്‍ എറിഞ്ഞ ശുഐബ് മാലിക്കിനെതിരെ 22 റണ്‍സടിച്ചാണ് ഇന്ത്യ വിജയത്തിലേക്കുള്ള ദൂരം കുറച്ചത്.
ടോസ് ജയിച്ച ധോണി പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ ആര്‍ അശ്വിനും ജഡേജയും വിറപ്പിച്ചു. അശ്വിന്‍ മൂന്നോവറില്‍ 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ജഡേജ നാല് ഓവറില്‍ 20 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ഹര്‍ദിക്കും ബുമ്‌റയും തല്ല് വാങ്ങി.
ശുഐബ് മാലിക്ക് (26), ഷെഹ്‌സാദ് (25), ഉമര്‍ അക്മല്‍ (22) എന്നിവരാണ് പാക് ബാറ്റിംഗില്‍ ചെറുത്ത് നില്‍പ്പ് നടത്തിയത്.