Connect with us

Malappuram

രാജ്യത്ത് ഇസ്‌ലാമിക് ഫൈനാന്‍സ് ഉന്നത പഠനത്തിന് അവസരമൊരുക്കി മഅ്ദിന്‍ അക്കാദമി

Published

|

Last Updated

ന്യൂഡല്‍ഹി : ഇസ്‌ലാമിക് ബേങ്കിംഗ് ആന്‍ഡ് ഫൈനാന്‍സ് പഠനമേഖലയില്‍ രാജ്യത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കി മലപ്പുറം മഅ്്ദിന്‍ അക്കാദമി. അന്താരാഷ്ട്ര പ്രശസ്ത സ്ഥാപനമായ മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഈ മേഖലയിലെ ഉന്നത പഠനത്തിന് മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അക്കാദമി അവസരമൊരുക്കുന്നതെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമായി ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്സ്റ്റിക്ക് കീഴിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ബേങ്കിംഗ് ആന്‍ഡ് ഫൈനാന്‍സിന്റെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ സെപ്തംബര്‍ മുതല്‍ മഅ്ദിന്‍ അക്കാദമിയില്‍ ആരംഭിക്കും. 75 രാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകാരം നല്‍കുകയും രണ്ട് ട്രില്യന്‍ ഡോളറിന്റെ ഇടപാട് നടക്കുകയും ചെയ്യുന്ന ഇസ്‌ലാമിക് ബേങ്കിംഗ് മേഖലയിലെ ഉന്നത പഠനത്തിന് രാജ്യത്തെ ആദ്യത്തെ ശ്രമമാണ് മഅ്ദിന്‍ നടത്തുന്നത്.
ആഗോള തലത്തില്‍ പ്രതിവര്‍ഷം 17 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രബല സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇസ്‌ലാമിക് ബേങ്കിംഗിന് ഇന്ത്യയില്‍ അപാരസാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഅ്ദിന്റെ സരംഭം. ഇസ്‌ലാമിക് ബാങ്കിംഗ് ആന്‍ഡ് ഫൈനാന്‍സ് കോഴ്‌സുകള്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിക്കുന്നത് സംബന്ധിച്ച കരാറില്‍ മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സ്വാലിഹ ഖമറുദ്ദീനും മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. കെ കെ എന്‍ കുറുപ്പും ഒപ്പുവെച്ചു. ചടങ്ങില്‍ യൂനിവേഴ്‌സിറ്റി പ്രസിഡണ്ടും മലേഷ്യന്‍ സര്‍ക്കാറിന്റെ സാമൂഹ്യ സാംസ്‌കാരിക ഉപദേഷ്ടാവുമായ താന്‍ശ്രീ ഡോ. റഈസ് യതീം, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ സംബന്ധിച്ചു. പത്രസമ്മേളനത്തില്‍ ഷാഹുല്‍ ഹമീദ് മലബാരി, ഉമര്‍ മേല്‍മുറി, അബ്ദുസ്സമദ് ഹാജി കൊരമ്പയില്‍, അമീന്‍ ഹസന്‍ സഖാഫി സംബന്ധിച്ചു.

 

Latest