Connect with us

National

കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി ജെ പി. എം എല്‍ എ റിമാന്‍ഡില്‍

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി ജെ പി. എം എല്‍ എയെ അറസ്റ്റ് ചെയ്തു. മസൂറിയില്‍ നിന്നുള്ള എം എല്‍ എയായ ഗണേഷ് ജോഷിയെയാണ് അറസ്റ്റ് ചെയ്തത്. കുതിരയുടെ കാല്‍ തല്ലിയൊടിച്ചതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തതായി ഐ ജി സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ എം എല്‍ എയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
എം എല്‍ എയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാക്കള്‍ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ കെ കെ പൗളിനെ കണ്ട് ബി ജെ പി നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. പട്ടേല്‍ നഗറിലുള്ള ഹോട്ടലിനു പുറത്തുവെച്ചാണ് ഗണേഷ് ജോഷിയെ അറസ്റ്റ് ചെയ്തത്. എം എല്‍ എയെ “തട്ടിക്കൊണ്ടുപോയി” എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. എം എല്‍ എയെ കൊണ്ടുപോയവര്‍ പോലീസാണോ ഗുണ്ടകളാണോ എന്ന് വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് അജയ് ഭട്ട് പറഞ്ഞു. സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനായ പ്രമോദ് ബോറയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുതിരയുടെ പിറകിലെ കാല്‍ തല്ലിയൊടിച്ചതിനു പിന്നില്‍ ജോഷിയും ബോറയുമാണ് ഉത്തരവാദികളെന്ന് ഡെറാഡൂണ്‍ എസ് എസ് പി പറഞ്ഞു.
അതേസമയം, കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കുതിരയായ ശക്തിമാന്‍ എഴുന്നേറ്റുനിന്നു. ഒരു സംഘം ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് കുതിര. കുതിരക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

Latest