Connect with us

Kozhikode

എലത്തൂരിന് ഇത് രണ്ടാം അങ്കം

Published

|

Last Updated

കോഴിക്കോട്;എലത്തൂര്‍ നിയമസഭാ മണ്ഡലത്തിന് ഇത് രണ്ടാം അങ്കമാണ്. മൂന്നു മണ്ഡലങ്ങള്‍ ചേര്‍ന്നാണ് ജില്ലയിലെ 13ാമത്തെ മണ്ഡലമായ എലത്തൂര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കൃതമായത്.ബാലുശ്ശേരി, കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങളാണ് എലത്തൂരില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബാലുശ്ശേരിയുടെ ഭാഗമായിരുന്ന ഇപ്പോള്‍ കോഴിക്കോട് കോര്‍പറേഷനിലെ 1, 2, 3, 4, 5, 75 വാര്‍ഡുകള്‍, തലക്കുളത്തൂര്‍, നന്മണ്ട, കുന്നമംഗലത്തെ കുരുവട്ടൂര്‍, കൊടുവള്ളിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് എലത്തൂര്‍ നിയമസഭാമണ്ഡലം.എന്‍ സി പി യിലെ എ കെ ശശീന്ദ്രനാണ് എലത്തൂരിന്റെ ആദ്യജനപ്രതിനിധിയായത്. 2006 ല്‍ ബാലുശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹത്തിന് പുതിയ മണ്ഡലമായ എലത്തൂര്‍ നല്‍കി ബാലുശ്ശേരി സി പി എം ഏറ്റെടുക്കുകയായിരുന്നു. ഇത്തവണയും എല്‍ ഡി എഫ് സ്ഥനാര്‍ത്ഥിയായി മത്സരിക്കുക എ കെ ശശീന്ദ്രന്‍ തന്നെയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സിറ്റിങ്ങ് സീറ്റ് എന്ന നിലയില്‍ എലത്തൂര്‍ എന്‍ സി പി ക്ക് തന്നെ അനുവദിക്കുമെന്ന കാര്യത്തില്‍ മുന്നണിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല. എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഈ മാസം 25 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കും. എന്‍ സി പിയില്‍ എ കെ ശശീന്ദ്രന് പകരം മറ്റൊരു പേര് ഉയര്‍ന്നു വരികയും ചെയ്തിട്ടില്ല എന്നത് എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍. സി.പി യിലെ എ. കെ. ശശീന്ദ്രന്‍ 14, 654 വോട്ടിനാണ് യു.ഡിഎഫിലെ സോഷ്യലിസ്റ്റ് ജനതാ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഷേക്ക് പി ഹാരിസിനെ പരാജയപ്പെടുത്തിയത് .യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം എലത്തൂരില്‍ ഏത് ഘടകകക്ഷി മത്സരിക്കുമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല.
കഴിഞ്ഞ തവണ എസ് ജെ ഡി മത്സരിച്ചതാണെങ്കിലും ഇത്തവണ എലത്തൂര്‍ സീറ്റ് വേണ്ടെന്ന് അവര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എലത്തൂരിനു പകരം മറ്റൊരു സീറ്റ് വേണമെന്നാണ് ജെ ഡി യു ആവശ്യപ്പെടുന്നത്.സീറ്റ് വെച്ചു മാറുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മത്സരത്തിനാണ് എലത്തൂര്‍ സാക്ഷ്യം വഹിക്കുക. കെ എസ് യു ,യൂത്ത് കോണ്‍ഗ്രസിലൂടെ കടന്ന് വന്നയാലാണ് ശശീന്ദ്രന്‍. കോണ്‍ഗ്രസ് യു,കോണ്‍ഗ്രസ്-എസ് പാര്‍ട്ടികളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം എന്‍ സി പി യുടെ സംസ്ഥാന ജന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.എലത്തൂര്‍ മണ്ഡലത്തില്‍ 1,84,578 വോട്ടര്‍മാരാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും എല്‍. ഡി.എഫിനായിരുന്നു മുന്‍ തൂക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ കെ ശശീന്ദ്രന്‍ വിജയിച്ചതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ലീഡ് ആറായിരമായി കുറഞ്ഞിരുന്നു. എന്നാല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ലീഡ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ എല്‍ ഡി എഫിനായി.തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പത്തായിരത്തിനടുത്ത് ഭൂരിപക്ഷം എല്‍ ഡി എഫിന് നേടാനായിട്ടുണ്ട്.എ കെ ശശീന്ദ്രന് മണ്ഡലത്തില്‍ ലഭിച്ച സ്വീകാര്യത തന്നെയാണ് എല്‍ ഡി എഫിന്റെ ആത്മവിശ്വാസം. വികസന നേട്ടങ്ങള്‍ എ കെ ശശീന്ദ്രനും മുന്നണിയും അക്കമിട്ട് നിരത്തുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടിയിലോ മുന്നണിയിലോ വലിയ തര്‍ക്കമൊന്നുമില്ലാത്തത് കൊണ്ട് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിച്ച് എ കെ ശശീന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.നേരത്തെ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ വിശദീകരിച്ച് മണ്ഡലത്തില്‍ എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രചരണ ജാഥയും സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയവും അല്ലാതെയുമുള്ള വലിയ ഭീഷണിയൊന്നും ഇടത് മുന്നണിക്കില്ല. എന്നാല്‍ ഒത്തു പിടിച്ചാല്‍ ജയിക്കുമെന്ന ആത്മവിശ്വാസവുമായാണ് യു ഡി എഫ് രംഗത്തുള്ളത്. ഏത് ഘടക കക്ഷിക്കായിരിക്കും സീറ്റെന്നും ആര് സ്ഥാനാര്‍ത്ഥിയാകുമെന്നും വ്യക്തമാകാത്ത സാഹചര്യത്തില്‍ എലത്തൂരിലെ യു ഡി എഫ് ക്യാമ്പ് സജീവമായിട്ടില്ല. എങ്കിലും സ്ഥാനാര്‍ത്ഥി പ്രഖാപനം വരുന്നതോടെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കി പൊരുതാന്‍ തന്നെയാണ് യു ഡി എഫിന്റെ തീരുമാനം.എം എല്‍ എമാരുടെ എണ്ണം മൂന്നില്‍ നിന്ന് വര്‍ദ്ധിപ്പിക്കാനാണ് യു ഡി എഫ് ശ്രമം. അത് കൊണ്ട് തന്നെ പിടിച്ചെടുക്കാനുള്ള സീറ്റുകളില്‍ എലത്തൂരും അവര്‍ പെടുത്തുന്നു. സീറ്റ് ചര്‍ച്ചക്കൊടുവില്‍ ജനതാദള്‍ യു തന്നെ എലത്തൂര്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ഷേക്ക് പി ഹാരിസിന് തന്നെയാണ് പരിഗണന. കോണ്‍ഗ്രസ് എലത്തൂരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചിട്ടില്ലെങ്കിലും മത്സരിക്കേണ്ടി വന്നാല്‍ തയ്യാറായി നിരവധിയാളുകളുണ്ട്. കെ സി അബു മുതല്‍ വിദ്യാബാലകൃഷ്ണന്‍ വരെയുള്ള നേതാക്കളുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്.ജില്ലയിലെ ഉറച്ച മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് പറയുന്ന സീറ്റാണ് എലത്തൂര്‍.സി. പി.എമ്മിനും ഇടത്മുന്നിണിയിലെ ഘടക കക്ഷികള്‍ക്കും ശക്തമായ വേരോട്ടം ഉള്ള ഒരു മണ്ഡലം കൂടിയാണ് എലത്തൂര്‍. നഗര പ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും ഒരു പോലെ ഉള്‍പ്പെടുന്ന എലത്തൂരില്‍ ഇത്തവണ പോരാട്ടം ശക്തമാകുമെന്ന് തന്നെയാണ് സൂചന.നിലനിര്‍ത്താനുള്ള ഇടത് മുന്നണിയുടെ പോരാട്ടം ഒരു ഭാഗത്ത ്‌നടക്കുമ്പോള്‍ പിടിക്കാനുള്ള പതിനെട്ടടവും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ്.

Latest