Connect with us

Gulf

ഫ്‌ളൈ ദുബൈ അപകടം ദുബൈക്ക് നടുക്കമായി

Published

|

Last Updated

യു എ ഇ വ്യോമയാന മേഖലയുടെഅഭിമാനമായ ഫ്‌ളൈ ദുബൈ റഷ്യയില്‍ തകര്‍ന്ന് 62 പേര്‍ മരിച്ച വാര്‍ത്ത വലിയ നടുക്കമാണ് ദുബൈയില്‍ സൃഷ്ടിച്ചത്. സാങ്കേതികതയിലും സൗകര്യങ്ങളിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത വിമാനങ്ങളാണ് അബുദാബിയിലെ ഇത്തിഹാദിനും ദുബൈയിലെ എമിറേറ്റ്‌സിനും ഫ്‌ളൈ ദുബൈക്കുമുള്ളത്. അസാധാരണ സാഹചര്യത്തിലാണ് ഫ്‌ളൈ ദുബൈ തകര്‍ന്നത് എന്നാണ് നിഗമനം.
തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍, ലാന്റ് ചെയ്യാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ഇരിക്കെയാണ് അപകടം. കനത്ത മൂടല്‍ മഞ്ഞില്‍ റണ്‍വേ വ്യക്തമാകാത്തതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ആദ്യ തവണ ലാന്റ് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ പൈലറ്റ് രണ്ടാമത് ശ്രമിക്കുകയായിരുന്നു.
ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് പുറപ്പെട്ടത്. യാത്രക്കാരില്‍ ഏറെയും റഷ്യക്കാര്‍. 55 യാത്രക്കാരും ഏഴ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ നാല് കുട്ടികളുമുണ്ട്. 33 സ്ത്രീകള്‍. ആരും രക്ഷപ്പെട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിമാനത്തില്‍ 11 വിദേശകളായിരുന്നുവെന്ന് റഷ്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
2009ലാണ് ബജറ്റ് വിമാനമായ ഫ്‌ളൈ ദുബൈ ആരംഭിക്കുന്നത്. തുടക്കത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട്, സ്വതന്ത്ര സ്ഥാപനമായി. കേരളത്തിലേക്കടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് സര്‍വീസ് തുടങ്ങി. ലോകത്തിലെ ഏറ്റവും നവീന വിമാനങ്ങള്‍ ഫ്‌ളൈ ദുബൈ വാങ്ങി. അപകടത്തില്‍ പെട്ട വിമാനം എഫ് സെഡ് 981 ബോയിംഗ് വിഭാഗത്തിലുള്ളതാണ്. 50ഓളം വിമാനങ്ങള്‍ സ്വന്തമായുണ്ട്.
ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാനം പറത്താന്‍ ആഗ്രഹമുണ്ടെന്ന് സി ഇ ഒ ഗൈത്ത് അല്‍ ഗൈത്ത് ഈയിടെ “സിറാജി”നോട് പറഞ്ഞിരുന്നു. ഏഷ്യ, മധ്യപൗരസ്ത്യ ദേശം, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 95 നഗരങ്ങളിലേക്ക് സര്‍വീസുണ്ട്. ആദ്യമായാണ് ഫ്‌ളൈ ദുബൈ അപകടത്തില്‍ പെടുന്നത്.
ദുബൈ ഭരണകൂടത്തിന് കീഴിലുള്ള എമിറേറ്റ്‌സിനും ഫ്‌ളൈ ദുബൈക്കും വലിയ ആഘാതമായി അപകടം. ഫ്‌ളൈ ദുബൈ മാത്രം പ്രതിവര്‍ഷം 10 കോടി ദിര്‍ഹമിലേറെ ലാഭം നേടിക്കൊടുക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് അതീവ പ്രാധാന്യം കൊടുത്തുകൊണ്ടിരിക്കെയാണ് അപകടം.
അടുത്ത കാലത്തായി ദുബൈയിലേക്ക് റഷ്യന്‍ നഗരങ്ങളില്‍ നിന്ന് ധാരാളം സഞ്ചാരികള്‍ വന്നുപോകാറുണ്ടായിരുന്നു. ദുബൈ കമ്പോളത്തെ സജീവമാക്കി നിര്‍ത്തുന്നത് സഞ്ചാരികളാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്