Connect with us

Kerala

വുഡ്ബ്രയര്‍ എസ്റ്റേറ്റില്‍ നാടിനെ വിറപ്പിച്ച നരഭോജി കടുവയെ വെടിവെച്ച് കൊന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ദേവര്‍ഷോല വുഡ്ബ്രയര്‍ സ്വകാര്യ തേയില എസ്റ്റേറ്റില്‍ നാടിനെ വിറപ്പിച്ച കടുവയെ തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് സംഘം വെടിവെച്ച് കൊന്നു. അതേസമയം വെടിവെക്കുന്നതിനിടെ രണ്ട് എസ് ടി എഫുകാര്‍ക്ക് വെടിയേറ്റു. ടാസ്‌ക്‌ഫോഴ്‌സ് സംഘത്തിലെ സന്തോഷ്, രവി എന്നിവര്‍ക്കാണ് വെടിയേറ്റത്. സന്തോഷിന്റെ വയറ്റിനും രവിയുടെ കാലിനുമാണ് വെടിയേറ്റത്. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച ഉച്ചക്ക് 3.14നാണ് ഒരാഴ്ചക്കാലം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയെ വെടിവെച്ച് കൊന്നത്. കടുവയുടെ തലക്കാണ് വെടിയേറ്റിരിക്കുന്നത്. മയക്ക് വെടിവെച്ച് പിടിക്കാനും, കൂട് വെച്ച് പിടിക്കാനും ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നാഷനല്‍ ടൈഗര്‍ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കടുവയെ അവസാനം വെടിവെച്ച് കൊന്നത്. കഴിഞ്ഞ പതിനൊന്നാം തിയതിയാണ് എസ്റ്റേറ്റിലെ അന്യസംസ്ഥാന സംസ്ഥാന തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഊണും ഉറക്കവും ഒഴിച്ച് ഒരാഴ്ചക്കാലം തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സും, വനംവകുപ്പും, പോലീസും ഊര്‍ജിത തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കടുവയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 48 ക്യാമറകളും, എട്ട് കൂടുകളുമാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. നാല് ഏറുമാടങ്ങളും സ്ഥാപിച്ചിരുന്നു. കര്‍ണാടകയിലെ ബന്ധിപ്പൂരില്‍ നിന്ന് റാണയെന്ന ഡോഗും തിരച്ചിലിന് എത്തിയിരുന്നു. അത്‌പോലെ പെണ്‍ കടുവയുടെ ശബ്ദമുള്ള സി ഡി ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു.

ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിക്ക് ഏറുമാടത്തിന് സമീപത്ത് കെട്ടിയിട്ടിരുന്ന പശുവിനെ കടുവ കൊന്നതോടെ കടുവയെ വെടിവെക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറുമാടത്തിന് മുകളില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍മാര്‍ കടുവയെ ഉടന്‍ വെടിവെച്ചെങ്കിലും കടുവക്ക് ഏറ്റിരുന്നില്ല. നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് എസ് ടി എഫ് സംഘം ഉച്ചയോടെ ഓപ്പറേഷന്‍ ആരംഭിച്ചത്. കടുവയെ വെടിവെച്ച് കൊന്നതിന് ശേഷം ഗൂഡല്ലൂര്‍ ചെമ്പാലയിലെ ഈട്ടിമൂലയിലെ വനംവകുപ്പ് ഓഫീസിന് അടുത്തെത്തിച്ച് പോസ്റ്റ്‌മോര്‍ട്ട് നടത്തുകയായിരുന്നു. ഏഴ് വയസ് പ്രായംതോന്നിക്കുന്ന ആണ്‍കടുവയെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും സമാനമായ സംഭവത്തില്‍ ബിദര്‍ക്കാട് മേഖലയില്‍ നരഭോജി കടുവയെ എസ് ടി എഫ് സംഘം വെടിവെച്ച് കൊന്നിരുന്നു. ഡി ആര്‍ ഒ ഭാസ്‌കരപാണ്ഡ്യന്‍, തമിഴ്‌നാട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്‍വറുദ്ധീന്‍, നീലഗിരി എസ് പി മുരളിറംബ, ആര്‍ ഡി ഒ വെങ്കിടാചലം, തഹസില്‍ദാര്‍ അബ്ദുര്‍റഹ്മാന്‍, എ സി എഫ് പുഷ്പാകരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കടുവയെ വെടിവെച്ച് കൊന്നത്.