Connect with us

Kannur

മൊബൈല്‍ ദാതാക്കളില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നു

Published

|

Last Updated

കണ്ണൂര്‍ :മൊബൈല്‍ ദാതാക്കളുടെ ചില മിനിസ്‌റ്റോര്‍സില്‍ (ഔട്ട് ലെറ്റുകള്‍) നിന്ന് ഉപഭോക്താവിന്റെ കാള്‍ ലിസ്റ്റുകളും മറ്റു വിവരങ്ങളും വ്യാപകമായി ചോര്‍ത്തുന്നതായി പരാതി. ഓരോ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനികളിലെ ജീവനക്കാര്‍ കാര്യഗൗരവം മനസ്സിലാക്കാതെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തിക്ക് കൂട്ടു നില്‍ക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മൊബൈല്‍ സിം ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതാത് മൊബൈല്‍ ദാതാക്കള്‍ രഹസ്യമായി സൂക്ഷിച്ച് വെക്കണമെന്നാണ് വ്യവസ്ഥ. പക്ഷെ പൊതുമേഖല സ്ഥാപനമായ ബി എസ് എന്‍ എല്‍ ഒഴികെയുള്ള മറ്റു മൊബൈല്‍ ദാതാക്കളില്‍ നിന്ന് കാള്‍ ലിസ്റ്റുകളോ മറ്റു വിവരങ്ങളോ ചോര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് പുതിയ വിവരങ്ങള്‍.
ഓരോ മൊബൈല്‍ കമ്പനിയിലെയും കസ്റ്റമര്‍ കെയര്‍ ഓഫീസുകളില്‍ വിളിച്ചാല്‍ ഉപഭോക്താവ് ഉപയോഗിക്കുന്ന നമ്പറിലെ വിവരങ്ങള്‍ പറഞ്ഞു നല്‍കുമെന്നല്ലാതെ മറ്റു നമ്പറുകളുടെ വിവരങ്ങളൊന്നും നല്‍കാറില്ല. പ്രധാന സ്ഥലങ്ങൡ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഔട്ട്‌ലെറ്റുകളിലുള്ള ജീവനക്കാരാണ് സുഹൃത്തുക്കള്‍ക്കും മറ്റും വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ ഈ രീതി ശ്രദ്ധയില്‍പെട്ട അധികൃതര്‍ സ്ഥാപനത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്ന സോഫ്റ്റ് വെയറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാറുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള നടപടി ചെയ്താലും ഒരു മാസം മാത്രമാണ് പരമാവധി അതിന്റെ ആയുസ്സ്.
ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു സുഹൃത്തുണ്ടായാല്‍ മതി. അവര്‍ ഏത് കമ്പനിയായാലും വിവരങ്ങള്‍ ചോര്‍ത്തി നല്‍കും. ഉപഭോക്താവ് സിം കണക്ഷന് വേണ്ടി നല്‍കുന്ന ഫോട്ടോ അടക്കം പേരും മേല്‍വിലാസവും ലഭിക്കും. ഇങ്ങനെ പേരും മേല്‍വിലാസവും മനസ്സിലാക്കി ഉപഭോക്താവിനെ വഞ്ചിക്കാനും സാധ്യത ഏറെയാണ്. ഫോട്ടോകള്‍ ഉള്‍പ്പെടുന്നതിനാല്‍ പെണ്‍വാണിഭ റാക്കറ്റുകള്‍ പോലും ഈ വിദ്യകള്‍ ഉപയോഗിച്ചു വരുന്നതായാണ് സൂചന. അതോടെപ്പം മൊബൈലില്‍ വിളിച്ച് സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി കൈകാര്യം ചെയ്യാനും ഈ മാര്‍ഗം ഉപയോഗപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സാധാരണയായി ക്രിമിനല്‍ കേസുകള്‍ വരുമ്പോള്‍ മൊബൈല്‍ റേഞ്ച് പരിധിയും മറ്റു വിവരങ്ങളും ശേഖരക്കിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടും. അത്തരം കേസുകളില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്‍ മിനിമം 24 മണിക്കൂറെങ്കിലും എടുക്കും. അതു കൂടാതെ ഉപഭോക്തൃ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കുന്നതിന് മുമ്പ് ജില്ലാ പോലീസ് മേധാവിയുടെ പരിശോധയും ഒപ്പും ആവശ്യമായി വരും. അത്രയും സ്വകാര്യതയോട് കൂടിയാണ് സൈബര്‍സെല്‍ വിവരങ്ങള്‍ ശേഖരിച്ച് പുറത്ത് വിടുന്നത്. പക്ഷെ മൊബൈല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സെക്കന്റുകള്‍ മാത്രം മതിയാകും.
എന്നാല്‍ കാള്‍ ലിസ്റ്റുകളും മറ്റ് വിവരങ്ങളും ചോരുന്നതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സൈബര്‍ സെല്‍ പറയുന്നു. മുമ്പ് സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പല മൈാബൈല്‍ കമ്പനികളുടെ സര്‍വീസ് സെന്ററുകളിലും താക്കീത് നല്‍കിയിരുന്നതായും പരാതിയുമായി ആരെങ്കിലും മുന്നോട്ട് വന്നാല്‍ ഇത്തരം സംഭവം അന്വേഷിക്കുമെന്നും സൈബര്‍ സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. വ്യാജമായ ഐഡന്റിറ്റി ഉയോഗിച്ച് സിം കാര്‍ഡ് എടുക്കുന്നതും വ്യാപകമായി നടക്കുന്നുണ്ട്. നിരവധി സിമ്മുകള്‍ ഇത്തരം വ്യാജ രേഖകള്‍ നല്‍കിയും സ്്വന്തമാക്കുന്നുണ്ട്. എന്നാല്‍ സിം ഉപയോഗിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിരപരാധികള്‍ കുടുങ്ങുന്നതിനും സാധ്യതയേറെയാണ്.