Connect with us

National

ഉത്തരാഖണ്ഡിലെ വിമത എംഎല്‍എമാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് സ്പീക്കര്‍ നോട്ടിസ് നല്‍കി

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഭരണ പ്രതിസന്ധിയിലാക്കി ബിജെപിക്കൊപ്പം ചേര്‍ന്ന വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ ഷോക്കോസ് നോട്ടീസ് നല്‍കി. ബിജെപിക്കൊപ്പം ഗവര്‍ണറെ കണ്ട ഹരീഷ് റാവത്ത് സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഒമ്പത് കോ്ണ്‍ഗ്രസ് എംഎല്‍എമാര്‍ക്കാണ് സ്പീക്കര്‍ നോട്ടീസ് നല്‍കിയത്. കൂറുമാറ്റ നിരോധ നിയമ പ്രകാരം സഭാംഗത്വം റദ്ദാക്കാതിരിക്കാനുള്ള ന്യായീകരണം ഉണ്ടെങ്കില്‍ വിശദമാക്കണമെന്നാണ് നോട്ടീസില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസം 26നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒമ്പത് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനാല്‍ മാര്‍ച്ച് 28നകം സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് ഹരീഷ് റാവത്തിനോട് ഗവര്‍ണര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അതുകൊണ്ട്
സംസ്ഥാനത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഈ സര്‍ക്കാരിനെ പുറത്താക്കണമെന്നതാണ് മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെയും വിമതരുടെയും ആവശ്യം. ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുള്‍പ്പടെയുള്ള ഒന്‍പത് കോണ്‍ഗ്രസ് എംഎല്എമാരാണ് റാവത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് വിമതര്‍ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ ബിജെപി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശം ഉന്നയിച്ചിരുന്നു. 70 അംഗ നിയമസഭയില്‍ 36 എംഎല്‍എമാരുടെ ബലത്തിലാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിപക്ഷമായ ബിജെപിക്ക് നിയമസഭയില്‍ 28 എംഎല്‍എമാരുണ്ട്. വിമതരായ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ 37 പേരുടെ അംഗബലത്തോടെ സര്‍ക്കാരുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.എന്നാല്‍, കൂറുമാറ്റ നിരോധന നിയമ പ്രകാരം ഒമ്പത് പേരെയും അയോഗ്യരാക്കുകയാണെങ്കില്‍ ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.

സര്‍ക്കാറിന് സഭയില്‍ വിശ്വാസം തേടാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വസം മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവര്‍ത്തിച്ചു. വിമതരെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിമത എംഎല്‍എമാരുമായി പാര്‍ട്ടി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

Latest