Connect with us

Gulf

പീഡനപര്‍വ്വം താണ്ടി നവയുഗത്തിന്റെ സഹായത്തോടെ നസിം ബാനു നാടണഞ്ഞു

Published

|

Last Updated

ജോലിസ്ഥലത്തെ പീഡനം മൂലം ഏറെ കഷ്ടപ്പെട്ട മലയാളി വീട്ടുജോലിക്കാരിയെ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലേ്ക്കയച്ചു.

എറണാകുളം ആലുവ സ്വദേശിനിയായ നസിം ബാനു ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് ദമാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. ആലുവയില്‍ ഒരു ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന അവരെ, ഒരു ട്രാവല്‍ എജന്റ് “വലിയ ശമ്പളം കിട്ടുന്ന ജോലിയാണ്” എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ച്, നല്ലൊരു തുക കമ്മീഷന്‍ വാങ്ങി, വിസ നല്‍കി സൗദിയിലേ്ക്ക് അയച്ചത്.

എന്നാല്‍ സൗദിയുടെ ഭവനത്തിലെ ജോലി വളരെ ദുരിതപൂര്‍ണ്ണം ആയിരുന്നു. പകലന്തിയോളം പണിയെടുപ്പിച്ചിട്ടും ശമ്പളമൊന്നും നല്‍കിയില്ല. വിസക്ക് ചെലവാക്കിയ കാശ് മുതലായിട്ടേ ശമ്പളം നല്‍കൂ എന്ന വിചിത്ര നിലപാടിലായിരുന്നു ആ വീട്ടുകാര്‍. ആറു മാസത്തോളം ശമ്പളം കിട്ടാതെയായപ്പോള്‍, സഹികെട്ട നസിം ബാനു, ശമ്പളം തരാതെ ജോലി ചെയ്യില്ല എന്ന നിലപാട് സ്വീകരിച്ചു. ഭീഷണി കൊണ്ടും നസിം ബാനു ജോലിക്ക് വഴങ്ങാതെയായപ്പോള്‍, ദേഹോപദ്രവം എല്‍പ്പിക്കനും തുടങ്ങി. ഒടുവില്‍ അവശയായ നസിം ബാനുവിനെ സ്‌പോണ്‍സര്‍ വനിതാ തര്‍ഹീലില്‍ (നാട് കടത്തല്‍ കേന്ദ്രം) കൊണ്ട് പോയി ഉപേക്ഷിച്ചു.

വിവരമറിഞ്ഞ് വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം കോബാര്‍ മേഖല വൈസ് പ്രസിഡന്റും, ഇന്ത്യന്‍ എംബസ്സി വോളന്റീറുമായ മഞ്ജു മണികുട്ടനോട് നസിംബാനു സ്വന്തം അവസ്ഥ വിവരിച്ചു. തുടര്‍ന്ന് മഞ്ജു ഈ വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, എംബസ്സി ഈ വിഷയത്തില്‍ ഇടപെടാന്‍ മഞ്ജുവിന് അനുമതിപത്രം നല്‍കുകയും ചെയ്തു. നവയുഗത്തിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ജു നസിം ബാനുവിനെ കൊണ്ട് സ്‌പോണ്‍സര്‍ക്കെതിരെ സൗദി പോലീസില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

പോലീസ് കേസ് പുലിവാലാകും എന്ന് മനസ്സിലായ സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി മുന്നോട്ടു വന്നു. കേസ് പിന്‍വലിച്ചാല്‍ കുടിശ്ശികയായ ശമ്പളവും, തൊഴില്‍ കരാര്‍ പ്രകാരമുള്ള എല്ലാ അനുകൂല്യങ്ങളും, മുംബൈ വരെയുള്ള ടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. ഇതു സമ്മതിച്ച നസിം ബാനു അവര്‍ക്ക് മാപ്പു നല്‍കിയതിനെതുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പായി. പറഞ്ഞപ്രകാരമുള്ള ശമ്പളവും, ടിക്കറ്റും സ്‌പോന്‍സര്‍ അവര്‍ക്ക് നല്‍കി.

നസിം ബാനുവിന് മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റ് നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയായതോടെ, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നസിം ബാനു നാട്ടിലേയ്ക്ക് മടങ്ങി.