Connect with us

International

ഫ്‌ളൈ ദുബൈ വിമാനത്തിന് ലാന്‍ഡിംഗിന് മുമ്പ് തന്നെ തീപിടിച്ചു?

Published

|

Last Updated

വിമാന‌ം ലാന്ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍

മോസ്‌കോ: റഷ്യയില്‍ 62 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ഫ്‌ളൈ ദുബൈ വിമാനത്തിന് ലാന്‍ഡിംഗിന് മുമ്പ് തന്നെ തീപിടിച്ചതായി സംശയം. വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ പുതിയ സിസി ടിവി ദൃശ്യങ്ങളിലാണ് ഈ സംശയം സാധൂകരിക്കുന്ന തെളിവുകളുള്ളത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുമ്പ് തന്നെ വിമാനത്തില്‍ തീപടര്‍ന്നുവെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിമാനം റണ്‍വേയില്‍ തൊടുന്നതിന് മുമ്പ് തന്നെ ശക്തമായ പ്രഭയില്‍ ജ്വലിക്കുന്നതാണ് ബ്ലാക് ആന്‍ഡ് വൈറ്റ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അതേസമയം ഇത് വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പ്രകാശിക്കുന്ന ലൈറ്റുകളാകാമെന്നും സംശയിക്കുന്നുണ്ട്. വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഈ മോസ്‌കോയിലേക്ക് അയച്ചിരിക്കുകയാണ്.

അതിനിടെ, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഫ്‌ളൈ ദുബൈ 20000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഫ്‌ളൈ ദുബൈ സിഇഒ ഗെയിത്ത് അല്‍ ഗെയിത്ത് പറഞ്ഞു. ആവശ്യമെങ്കില്‍ ബന്ധുക്കള്‍ക്ക് അപകടം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തുന്നതിനും അവസരമൊരുക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ലാന്‍ഡിംഗിന് തൊട്ടുമുമ്പ് വിമാനത്താവളത്തിലെ കാലാവസ്ഥയെ കുറിച്ച് പൈലറ്റ് അന്വേഷിക്കുന്നതിന്റെ സംഭാഷണ ശകലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണോ എന്നാണ് ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണത്തില്‍ പൈലറ്റ് അരിസ്‌റ്റോസ് സോക്രട്ടൂസും സഹപൈലറ്റ് സ്പാനിയാര്‍ഡ് അലജാന്‍ഡ്രോയും അവസാനമായി ചോദിക്കുന്നത്. ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നുള്ള ടേപ്പിലാണ് ഈ സംഭാഷണമുള്ളത്. കനത്ത മൂടല്‍ മഞ്ഞ് തന്നെയാണ് അപടകത്തിന് കാരണമായതെന്ന് ഈ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. PLAനാല് കുട്ടികളും 33 സ്ത്രീകളും ഏഴ് ജീവനക്കാരും അടക്കം 62 പേരാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. മലയാളി ദമ്പതികളും മരിച്ചവരില്‍ പെടും. റഷ്യയിലെ റോസ്‌ടോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഫ്‌ളൈ ദുബൈയുടെ എഫ് ഇസഡ് 981 നമ്പര്‍ വിമാനം അഗ്നിഗോളമായി മാറിയത്.

Latest