Connect with us

Editorial

സിറിയ പിളരുന്നുവോ?

Published

|

Last Updated

സിറിയയിലെ ആഭ്യന്തര സംഘര്‍ഷവും ഇസില്‍ ആക്രമണവും ഇവിടെ വന്‍ ശക്തികള്‍ നടത്തുന്ന സൈനിക ഇടപെടലും അത്യന്തം സങ്കീര്‍ണമായ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. റഷ്യന്‍ സൈന്യം ഭാഗികമായി പിന്‍വലിഞ്ഞിരിക്കുന്നു. ഇടതടവില്ലാതെ അഭയാര്‍ഥികള്‍ ഈ കലുഷ നിലങ്ങളില്‍ നിന്ന് പലായനം തുടരുകയാണ്. ചര്‍ച്ചാ മേശക്കു ചുറ്റും ഇരിക്കാന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ തയ്യാറായി എന്നതും രാഷ്ട്രീയ പരിഹാരത്തിന് പ്രസിഡന്റ് ബശര്‍ അല്‍ അസദ് സന്നദ്ധനായേക്കുമെന്നതും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ഈ പ്രതീക്ഷകളെയാകെ അപ്രസക്തമാക്കി രാജ്യം പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന വസ്തുത വാ പിളര്‍ത്തി നില്‍ക്കുന്നു. വടക്കന്‍ സിറിയയില്‍ കുര്‍ദ് നിയന്ത്രണത്തിലുള്ള മൂന്ന് മേഖലകളെ (അഫ്രിന്‍, കൊബാനെ, ജാസിറ) സ്വയംഭരണ ഫെഡറല്‍ സംവിധാനമായി സിറിയന്‍ കുര്‍ദ് ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി (പി വൈ ഡി)യും മറ്റു സഖ്യപാര്‍ട്ടികളും പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് കുര്‍ദ് മേഖലകളെയും ഒരൊറ്റ ഫെഡറല്‍ സംവിധാനത്തിന് കീഴിലാക്കുന്നതാണ് ഈ പദ്ധതി. കുര്‍ദ്, അറബ്, അസീറിയന്‍ വിഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. വോട്ടിനിട്ടാണത്രേ തീരുമാനത്തിലെത്തിയത്. ഇപ്പോള്‍ ജയിലിലുള്ള കുര്‍ദ് നേതാവ് അബ്ദുല്ല ഒകാലന്റെ കാഴ്ചപ്പാടാണ് സ്വയംഭരണ പ്രഖ്യാപനത്തോടെ പുലരുന്നതെന്ന് കുര്‍ദ് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. വേര്‍പെട്ട് പോകുകയല്ല, രാജ്യത്തിനകത്ത് തങ്ങളുടെ വ്യക്തതിത്വം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്ന് കുര്‍ദ് നേതാക്കള്‍ പറയുന്നു. ഫലത്തില്‍ പൊതു ഭരണ സംവിധാനത്തില്‍ നിന്നുള്ള വിട്ടു പോകലും സ്വാതന്ത്ര്യ പ്രഖ്യാപനവും തന്നെയാണ് നടന്നിരിക്കുന്നത്. പുതിയ ഫെഡറല്‍ മേഖലയെ റൊജാവ എന്നാണ് കുര്‍ദുകള്‍ വിശേഷിപ്പിക്കുന്നത്. ഇവിടെ ഫെഡറല്‍ ഭരണഘടന തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. 2012ല്‍ തന്നെ തിരഞ്ഞെടുപ്പ് നടന്നിരുന്നു.
ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും രാജ്യത്തിനകത്ത് മറ്റൊരു ഫെഡറല്‍ സംവിധാനം അനുവദിക്കില്ലെന്നുമാണ് സിറിയന്‍ സര്‍ക്കാറും പ്രതിപക്ഷവും പറയുന്നത്. എന്ത് പേരിലായാലും രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന ഏത് നീക്കത്തെയും നിയന്ത്രിക്കുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിനകത്ത് പ്രത്യേക സ്വയംഭരണ പ്രദേശം സൃഷ്ടിക്കുന്നത് സിറിയന്‍ ജനതയുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടി. ഈ നീക്കം തുര്‍ക്കിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയിലെ കുര്‍ദ് ശാക്തീകരണം ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയിലെ കുര്‍ദുകള്‍ക്കിടയിലെ വിഘടനവാദ നീക്കങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് അവര്‍ ഭയക്കുന്നു.
തുര്‍ക്കിയുടെയും ഭരണ, പ്രതിപക്ഷ ഭേദമന്യേ സിറിയന്‍ നേതൃത്വത്തിന്റെയും ആശങ്കകള്‍ അര്‍ഥവത്താണ് എന്ന് പറയേണ്ടി വരും. കാരണം കുര്‍ദുകളുടെ ഈ നീക്കം സ്വാഭാവികവും സ്വമേധയായും ആണെന്ന് വിശ്വസിക്കാനാകില്ല. ഈ വിഭാഗത്തിന് ശക്തമായ അന്താരാഷ്ട്ര ബന്ധങ്ങളുണ്ട്. ഇറാഖില്‍ യസീദികളെ ഇസില്‍ തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതോടെ ഈയടുത്ത കാലത്ത് യു എസുമായി കുര്‍ദ് നേതൃത്വം ഏറെ അടുപ്പം പുലര്‍ത്തുന്നു. റഷ്യയുമായും അവര്‍ക്ക് ബന്ധങ്ങളുണ്ട്. മോസ്‌കോയില്‍ പി വൈ ഡിക്ക് നയതന്ത്ര ഓഫീസ് വരെയുണ്ട്. ഈ രണ്ട് വന്‍ ശക്തികളുടെയും പിന്തുണ കുര്‍ദ് സ്വയംഭരണ മേഖലക്ക് ഔദ്യോഗിക സ്വഭാവം നല്‍കുന്നു. കുര്‍ദ് വിഘടനവാദം കൊണ്ട് പൊറുതി മുട്ടുന്ന തുര്‍ക്കിയെയാണ് ഈ സ്ഥിതിവിശേഷം വിഷമവൃത്തത്തിലാക്കുന്നത്. മാത്രമല്ല റഷ്യയുടെ സൈനിക പിന്‍മാറ്റത്തിന് തൊട്ടു പിറകേ കുര്‍ദ് പ്രഖ്യാപനം വന്നത് യാദൃച്ഛികമല്ല താനും. ബശര്‍ അല്‍ അസദിന് കൃത്യമായ സന്ദേശം നല്‍കുകയാണ് റഷ്യ. “താങ്കളെ കൈയൊഴിയുകയില്ല, എന്നാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടി വരും”. കുര്‍ദുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ബശറിനെ സമ്മര്‍ദത്തിലാക്കുമെന്ന് റഷ്യ കണക്ക് കൂട്ടുന്നു.
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ ശിഥിലമാക്കുന്നതില്‍ റഷ്യയും അമേരിക്കയും മറ്റെല്ലാ വന്‍കിട രാജ്യങ്ങളും ഒറ്റക്കെട്ടാണെന്ന് ഈ സംഭവവികാസങ്ങള്‍ വ്യക്താക്കുന്നു. സിറിയ പിളരുന്നുവെന്നതിനേക്കാള്‍ ഭീകരമായത് തുര്‍ക്കി കൂടുതല്‍ അശാന്തമാകുമെന്നതാണ്. മേഖലയില്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന തുര്‍ക്കിയില്‍ ഇപ്പോള്‍ തന്നെ സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനായി ഇ യുവുമായി ഒപ്പുവെച്ച കരാര്‍ ഏതൊക്കെ വിധത്തിലാണ് ഈ രാജ്യത്തെ ബാധിക്കാന്‍ പോകുന്നതെന്ന് കണ്ടറിയേണ്ടതാണ്. ജനീവയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഒരു ഫോര്‍മുല ഉയര്‍ന്ന് വന്നേക്കാം. അതോടെ വന്‍കിടക്കാരൊക്കെ സിറിയയില്‍ നിന്ന് തടിയൂരും. പരമാവധി പ്രതിസന്ധികള്‍ അവസാനിപ്പിച്ചാണല്ലോ ഇത്തരം പിന്‍മാറ്റങ്ങള്‍ അവര്‍ നടത്താറുള്ളത്. ശിഥിലീകരണ ദൗത്യം ഭംഗിയായി നിര്‍വഹിക്കപ്പെട്ടിരിക്കുന്നു.