Connect with us

Kerala

അരിപ്പ സമരക്കാര്‍ക്ക് ചില തീരുമാനങ്ങളുണ്ട്

Published

|

Last Updated

കണ്ണൂര്‍ :”കോളനി വിട്ട് ക്യഷി ഭൂമിയിലേക്ക് ” എന്ന ആശയം മുന്നോട്ടുവെച്ച് അരിപ്പയില്‍ നടത്തുന്ന ഭൂസമരത്തെ കണ്ടഭാവം നടിക്കാത്തവര്‍ക്കെതിരെ ഇത്തവണ അരിപ്പ സമരക്കാര്‍ പ്രചാരണ കാമ്പയിന്‍ നടത്തും. സമരത്തെ പിന്തുണച്ച കക്ഷികള്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനും പ്രചാരണം നടത്താനും സമരം നടത്തുന്ന ആദിവാസി ദളിത് മുന്നേറ്റ സമിതി തീരുമാനിച്ചു. അടുത്ത ദിവസം ചേരുന്ന സംഘടനയുടെ കണ്‍വെന്‍ഷന്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പ്രഖ്യാപിക്കും.
2012 ഡിസം. 31 ന് രാത്രി 11 മണിയോട് കൂടി അരിപ്പയില്‍ കുടില്‍കെട്ടി ആരംഭിച്ച ഭൂസമരം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കണമെന്നത് സംഘടനയുടെ പൊതുവികാരണാണെന്ന് നേതാക്കള്‍ പറയുന്നു.
അരിപ്പയില്‍ റവന്യു ഭൂമിയില്‍ 11 ജില്ലകളില്‍ നിന്നായി വന്ന 1500 ഓളം പേര്‍ നിലവില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നുണ്ട്. കൃഷി ചെയ്യാനും താമസിക്കാനും ഭൂമി വേണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ തങ്ങള്‍ക്ക് പതിച്ച് നകാന്‍ ഭൂമിയില്ലെന്ന നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്ഥാപിത തത്പര്യക്കാര്‍ക്കായി റവന്യു ഭൂമി പതിച്ചു നല്‍കുന്നതും, പാട്ടകാലാവധി കഴിഞ്ഞിട്ടും ടാറ്റായും ഹാരിസണ്‍ മലയാളവും പോലുള്ള വന്‍കിട കമ്പനികള്‍ കൈവശം വെക്കുന്ന ഭൂമി ഏറ്റെടുക്കാത്തതും എമര്‍ജിംഗ് കേരള പോലുള്ള നാടകങ്ങള്‍ നടത്തി ഭൂമാഫിയയെ സഹായിക്കുന്നതും ഇപ്പോഴും തുടരുന്നുവെന്നത് ആദിവാസി-ദലിത് വിഭാഗങ്ങളോടുള്ള കടുത്ത വിവേചനമായിത്തന്നെയാണ് കണക്കാക്കേണ്ടതെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അരിപ്പയില്‍ സമരം ചെയ്യുന്നവരെ ഊരുവിലക്കേര്‍പ്പെടുത്തിയും ഉപരോധങ്ങള്‍ തീര്‍ത്തും പട്ടിണിക്കിട്ടും തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇതുവരെ നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. ഏറ്റവും ഒടുവില്‍ നടത്തിയ ചര്‍ച്ചകളില്‍പ്പോലും സര്‍ക്കാറിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈയൊരു സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്നതെന്ന് സമരസമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.
സമരസമിതിയിലുള്ള ആദിവാസി ഗോത്രജനസഭ,കേരള ദളിത് ഫെഡറേഷന്‍,സാധു ജനസംരക്ഷണ വേദി തുടങ്ങിയ സംഘടനകളെല്ലാം വിവിധ ജില്ലകളില്‍ നിന്നായി ഇടത്-ബി ജെ പി പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യും. തിരുവന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, വയനാട്, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് സംഘടനകള്‍ക്ക് കാര്യമായി വേരോട്ടമുള്ളത്. തങ്ങളെ പിന്തുണച്ച രാഷ്ര്ട്രീയ നേതാക്കളെ ഇവിടങ്ങളിലുള്ള പ്രവര്‍ത്തകര്‍ പിന്തുണക്കും.
ഇടതു പാര്‍ട്ടികളിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും പിന്തുണ പ്രഖ്യാപിക്കും. ബി ജെ പി നേതാക്കളില്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവരെയാണ് പ്രധാനമായും പിന്തുണക്കുക. അതേസമയം ഭൂവിതരണം അട്ടിമറിച്ചെന്ന് ആരോപണമുള്ള റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ പ്രചാരണം നടത്താനും ഈ മാസം 30ന് ഇതു സംബന്ധിച്ച കാമ്പയിന് അടൂര്‍ പ്രകാശിന്റെ ജന്മ നാട്ടില്‍ നിന്നു തന്നെ തുടക്കമിടാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.ആദിവാസി ദളിത് മുന്നേറ്റ സമിതിയില്‍ നിന്ന് ആരും മത്സര രംഗത്ത് വരേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest