Connect with us

Eranakulam

സ്ഥാനാര്‍ഥി നിര്‍ണയം: എറണാകുളത്ത് മുന്നണികളില്‍ അനിശ്ചിതത്വം തുടരുന്നു

Published

|

Last Updated

കൊച്ചി: തര്‍ക്കങ്ങളും പ്രതിഷേധങ്ങളും മറനീക്കിയതോടെ എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ക്ക് കീറാമുട്ടിയായി. മാരത്തോണ്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മിക്ക സീറ്റുകളിലും അന്തിമ തീരുമാനത്തിലെത്താന്‍ മുന്നണികള്‍ക്കായിട്ടില്ല. 14 മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. തൃപ്പൂണിത്തുറ മണ്ഡലമാണ് സിപിഎമ്മിന് കീറാമുട്ടിയായി ശേഷിക്കുന്നത്. യു ഡി എഫില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ കെ. ബാബു വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതോടെ പകരക്കാരനെ കണ്ടെത്താനാവാതെ വിയര്‍ക്കുകയാണ് സിപിഎം. നടന്‍ ശ്രീനിവാസന്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ വരെ മണ്ഡലത്തിലേക്ക് സിപിഎം പരിഗണിക്കുന്നുണ്ട്. വിജയ സാധ്യത കുറവായതിനാല്‍ മത്സരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടറി പി രാജീവും ഉറപ്പിച്ചു. ഇതിനിടെ രാജീവിനെ തന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് മണ്ഡലം

കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ തൃക്കാക്കരയില്‍ സി എന്‍ മോഹനന്‍, കൊച്ചിയില്‍ കെ ജെ മാക്‌സി, കളമശേരിയില്‍ യേശുദാസ് പറപ്പിള്ളി എന്നിവരെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായിരുന്നു. സ്വതന്ത്രന്‍മാര്‍ക്ക് ഒരു സീറ്റിലും പരിഗണന നല്‍കിയിട്ടില്ലാത്തതിനാല്‍ തൃപ്പൂണിത്തുറയില്‍ പൊതുസ്വീകാര്യതയുള്ള ഒരു സ്വതന്ത്രനാകും വരികയെന്നും ഇദ്ദേഹം ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള ആളായിരിക്കുമെന്നും സൂചനയുണ്ട്.
കളമശേരിയില്‍ ഇതുവരെ പരിഗണിക്കപ്പെട്ടിരുന്ന വി എ. സക്കീര്‍ഹുസൈനെയും എ എം യൂസഫിനെയും ഒഴിവാക്കിയാണ് യേശുദാസ് പറപ്പിള്ളിയുടെ പേര് അപ്രതീക്ഷിതമായി നിശ്ചയിക്കപ്പെട്ടത്. തൃക്കാക്കരയില്‍ കെ എന്‍ ഉണ്ണികൃഷ്ണനെയും സെബാസ്റ്റ്യന്‍ പോളിനെയും പിന്തള്ളിയാണ് പിണറായി പക്ഷക്കാരനായ സി എന്‍ മോഹനന്‍ സ്ഥാനാര്‍ഥിയായത്. കൊച്ചിയില്‍ സെബാസ്റ്റ്യന്‍ പോള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവിടെ കെ ജെ മാക്‌സിയുടെ പേര് അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇനി മാറ്റത്തിന് സാധ്യതയുള്ളൂ.

പറവൂരും മൂവാറ്റുപുഴയിലുമാണ് സി പി ഐ മത്സരിക്കുന്നത്. 24 ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് സി പിഐ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം. യുഡിഎഫില്‍ കളമശേരിയും എറണാകുളം തൃപ്പൂണിത്തുറയും മാത്രമാണ് ഏറെകുറെ ഉറപ്പിച്ചത്. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ. ബാബു, എറണാകുളത്ത് സിറ്റിങ് എംഎല്‍എ ഹൈബി ഈഡന്‍, കളമശേരിയില്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് എന്നിവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. അങ്കമാലിയില്‍ കേരളോ കോണ്‍ഗ്രസോ, കോണ്‍ഗ്രസോ എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൊച്ചിയില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി, സിറ്റിംഗ് എം എല്‍ എ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ പേരുകളാണ് മുന്‍ നിരയില്‍. പറവൂരില്‍ വി.ഡി. സതീശനും, ആലുവയില്‍ അന്‍വര്‍ സാദത്തും മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനും വീണ്ടും മത്സരിക്കുമെന്നാണ് സൂചനയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. തൃക്കാക്കര, ഞാറക്കല്‍, കുന്നത്തുനാട്, വൈപ്പിന്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവും എങ്ങുമെത്തിയിട്ടില്ല.

---- facebook comment plugin here -----

Latest