Connect with us

National

സൂഫിസം ഹൃദയശുദ്ധീകരണ പ്രസ്ഥാനം: കാന്തപുരം

Published

|

Last Updated

ന്യൂഡല്‍ഹി: സൂഫിസമെന്നാല്‍ പ്രത്യേക മതമോ, പദ്ധതിയോ ആചാരമോ അല്ലെന്നും അത് ഹൃദയ ശുദ്ധീകരണ പ്രസ്ഥാനം മാത്രമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍. പ്രവാചകനും സച്ചരിതരായ പണ്ഡിത മഹത്തുക്കളും ഇസ്‌ലാമിലെ പ്രധാന വിഷയമായി പഠിപ്പിച്ച കാര്യമാണ് ഹൃദയ ശുദ്ധീകകരണം. ഇത് കൈവരിക്കാനുള്ള മാര്‍ഗം മാത്രമാണ് സൂഫിസമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്നുവരുന്ന ചതുര്‍ദിന അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സിന്റെ സമാപനത്തോടനുബന്ധിച്ച് രാംലീല മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിന്റെ തനതും പൂര്‍ണവുമായ രൂപമാണ് സൂഫിസം. മതത്തിന്റെ യഥാര്‍ഥ വഴികളിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളായിരുന്നു ത്വരീഖത്തുകള്‍. ഇതുവഴിയാണ് ജനങ്ങള്‍ മതത്തിന്റെ ആത്മീയ സത്ത മനസ്സിലാക്കിയിരുന്നത്. ഇസ്‌ലാമിന്റെ പ്രചാരണത്തിലും വളര്‍ച്ചയിലും പ്രവാചകന്റെയും പിന്മുറക്കാരായ മഹാന്മാരുടെയും അമാനുഷികതകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. ഇസ്‌ലാം ഒരിക്കലും വിദ്വേഷത്തെയോ വൈരാഗ്യത്തെയോ എതിര്‍പ്പിനെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പകരം സഹവര്‍ത്തിത്വത്തിനും സഹായത്തിനും വിശുദ്ധ ഖുര്‍നിലൂടെ ആഹ്വാനം ചെയ്യുകയാണ്.

ഇത് ലോകത്തിന് പരിചയപ്പെടുത്തിയ സൂഫി മാര്‍ഗം സഹിഷ്ണുതയിലൂടെയും മാനവികതിലൂടെയും ലോകത്ത് സമാദാനമുണ്ടാക്കാനാണ് ശ്രമിച്ചത്. അധ്യാത്മിക ചിന്തകള്‍ മനുഷ്യ മനസ്സുകളില്‍ രൂഢമൂലമാക്കാതെ വേഷവിധാനങ്ങല്‍കൊണ്ട് മാത്രം സമാധാനം സ്ഥാപിക്കാന്‍ കഴിയില്ല. അതേസമയം മതത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ആത്മീയ ധാരകള്‍ക്ക് യഥാര്‍ഥത്തില്‍ സൂഫിസവുമായി ബന്ധമില്ല. അജ്മീറിലെ മുഈനുദ്ദീന്‍ ചിശ്ത്തി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ആത്മീയ ഭരണാധികാരികള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാപന സമ്മേളനത്തില്‍ അഖിലേന്ത്യ മശാഇഖെ ഉലമാ ബോര്‍ഡ് പ്രസിഡന്റ് അഷ്‌റഫ് മിയ അധ്യക്ഷത വഹിച്ചു. ഹാശൈഖ് ഇദ്‌രീസ് ഫാഇസ് മൊറോക്കോ, മുഹമ്മദ് ബിന്‍ യഹ്‌യ അല്‍കത്താനി ഈജിപ്ത്, ത്വാഹിറുല്‍ ഖാദിരി പാകിസ്ഥാന്‍, ഡോ. അബ്ദുര്‍റഹീം ഉഖൂര്‍ ജോര്‍ദാന്‍, ഹാജി നൂറുദ്ദീന്‍ ചൈന, പ്രൊഫ. ദാവൂദ് അമേരിക്ക, ഡോ. മഖ്ദൂം റഹീം അഫ്ഗാനിസ്ഥാന്‍, ഡോ. ഗുലാം റബ്ബാനി ബ്രിട്ടന്‍, ഡോ. അബ്ദുല്‍ ഹഖ് അമേരിക്ക, മഹ്ദി മിയാന്‍ ചിശ്ത്തി അജ്മീര്‍, തന്‍വീര്‍ ഹാഷ്മി കര്‍ണാടക പങ്കെടുത്തു.

Latest