Connect with us

Kannur

കേരളത്തിലെ മാമ്പഴ വിപണിയില്‍ ഇക്കുറിയും കോടികളുടെ നഷ്ടം

Published

|

Last Updated

കണ്ണൂര്‍:ആഗോള വിപണിയില്‍ നേരത്തെയെത്തി പണം കൊയ്യുന്ന കേരളത്തിലെ മുന്തിയ ഇനം മാങ്ങകളുടെ ഉത്പാദനം നിലവിലുണ്ടായിരുന്നതില്‍ നിന്ന് ഇക്കുറി പത്ത് ശതമാനമായി കുറഞ്ഞു.കഴിഞ്ഞ വര്‍ഷം 55 ശതമാനം വിളവു ലഭിച്ചിടത്താണ് കടുത്ത ചൂട് മാങ്ങ ഉദ്പാദനം ഗണ്യമായി കുറച്ചത്. ദിവസേന 25 ലോഡ് കയറ്റുമതി ചെയ്യുന്ന പ്രദേശങ്ങളില്‍ നിന്ന് ഇന്നലെ വെറും രണ്ട് ലോഡ് മാത്രമേ കയറ്റിയയക്കാനായുള്ളൂവെന്ന് മൊത്ത മാമ്പഴ വ്യാപാരികള്‍ പറഞ്ഞു. ഇത് കേരളത്തിലെ ഇത്തവണത്തെ മാമ്പഴ ഉത്പാദനത്തിലെ ഭീമമായ കുറവാണ് ചൂണ്ടിക്കാട്ടുന്നത്. ഇതു മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ മാമ്പഴ ഉത്പാദന മേഖലക്ക് സംഭവിച്ചത്.
പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് വിള നാശം ഏറെയുമുണ്ടായത്.

ഇതില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിലാണ് കടുത്ത ചൂട് മാവുകളെ കാര്യമായി ബാധിച്ചത്. നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയായ മുതലമടയുടെ പ്രത്യേക കാലാവസ്ഥ കാരണം ആദ്യം മാവുകള്‍ പൂക്കുന്നതും വിളവെടുക്കുന്നതും ഇവിടെയാണ്. അതിനാല്‍ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മാമ്പഴ വിപണിയില്‍ മുതലമട മാമ്പഴത്തിന് മേല്‍ക്കൈ നേടാന്‍ കഴിയുന്നു. നവംബര്‍ മാസം അവസാനമാണ് ഇവിടെ മാവുകള്‍ പൂത്തുതുടങ്ങുന്നത്. ഡിസംബര്‍ അവസാനത്തോടെ അച്ചാര്‍ തയ്യാറാക്കുന്നതിനായി ഉണ്ണിമാങ്ങകള്‍ പറിച്ചുതുടങ്ങും. ജനുവരി അവസാനത്തോടെ മാമ്പഴ സീസണ്‍ ആരംഭിക്കും.
എന്നാല്‍ ഇക്കൊല്ലം നവംബറിലും ഡിസംബറിലും മഴ ശക്തമായി പെയ്യുകയും അന്തരീക്ഷം മൂടിക്കെട്ടിയതും കാരണം മാവുകള്‍ പൂക്കാന്‍ കാലതാമസം വന്നു. കൂടാതെ കൃത്യമായി വെയിലോ, കാറ്റോ ലഭിക്കാത്തതിനാല്‍ വേണ്ടത്ര പൂക്കള്‍ വിരിയാതിരിക്കുകയും പൂക്കള്‍ പൊഴിയുകയും ചെയ്തു. കൂടാതെ കീടബാധകാരണം പൂക്കള്‍ വ്യാപകമായി നശിച്ചു. ഇതെല്ലാം അതി ജീവിച്ച് വിളഞ്ഞ മാങ്ങകള്‍ അസ്തമയ സൂര്യന്റെ വെയിലില്‍ നിന്നുള്ള ചൂടേറ്റ് പൊഴിഞ്ഞു പോകുകയായിരുന്നു. ആദ്യമായാണ് ഇങ്ങനെ മാങ്ങകള്‍ നശിക്കുന്നതെന്ന് മുതലമടയിലെ കര്‍ഷകനായ കെ ശിവാനന്ദന്‍ പറഞ്ഞു.

മാങ്ങയെ മാത്രം ആശ്രയിച്ചുപോകുന്ന ഇവിടുത്തെ കര്‍ഷകര്‍ക്ക് കാലാവസ്ഥ വ്യതിയനം സംഭവിച്ചത്മൂലം സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ ഉണ്ടായ നഷ്ടം 60 കോടി കവിയുമെന്നാണ് പറയുന്നത്. പ്രതിവര്‍ഷം 400 കോടി രൂപയുടെ മാമ്പഴ കയറ്റുമതിയാണ് പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം നടത്തുന്നത്. പാലക്കാട്ടെ മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളില്‍പ്പെട്ട ഏതാണ്ട് 4000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങളില്‍ ഇത്തവണയുണ്ടായ വിളശോഷണം കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കിയതെന്ന് കൃഷി വകുപ്പ് വിലയിരുത്തുന്നു.
സേലം കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവുമധികം മാമ്പഴം കൃഷി ചെയ്യുന്ന ഇവിടെ നിന്ന് വിവിധ തരത്തിലുള്ള 45,000 ടണ്‍ മാമ്പഴമാണ് വിവിധയിടങ്ങളിലേക്ക് കയറ്റിയയക്കുന്നത്. മുതലമടയുടെ മാത്രം പ്രത്യേകതയായ സിന്ദൂരം, അല്‍ഫോണ്‍സ, കിളിമൂക്കന്‍, നീലന്‍, ബന്‍ഗനപ്പള്ളി മാങ്ങകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം വന്‍ ആവശ്യക്കാരാണുള്ളത്. ഏപ്രില്‍ അവസാനം വരെ ഇവിടെ നിന്ന് മാങ്ങ പറിച്ചെടുത്ത് വിപണിയിലെത്തിക്കും.

കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലും മാമ്പഴ ഉത്പാദനത്തില്‍ വലിയ കുറവുണ്ടായി. കാസര്‍കോടന്‍, പുളിയന്‍, ചെനയന്‍, ഗോമാങ്ങ, നാരന്‍ തുടങ്ങി നാട്ടുപേരിലറിയപ്പെടുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും മാങ്ങ ഉത്പാദനം തീര്‍ത്തും കുറഞ്ഞു. തൃശൂരില്‍ പ്രചാരത്തിലുള്ള “പ്രിയോര്‍” മാങ്ങകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ അവസാനം പൂവണിയുകയും മാര്‍ച്ചില്‍ മാങ്ങ പറിച്ചെടുക്കാന്‍ കഴിയുകയും ചെയ്യുന്ന ഇത്തരം മാവിനങ്ങളിലും കാലാവസ്ഥാ മാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നാട്ടുരുചിയുടെ മാധുര്യത്താല്‍ സ്വദേശത്തും വിദേശത്തും ഒരു പോലെ പ്രിയങ്കരമായ കണ്ണൂരിലെ കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഉത്പാദനത്തിലും ഇത്തവണ വന്‍ ഇടിവാണുണ്ടായത്.

16 വാര്‍ഡുകളുള്ള കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 982 മാവ് കര്‍ഷകരാണ് മാങ്ങ ഉത്പാദനത്തിലെ കനത്ത കുറവ് മൂലം ഇക്കുറി പ്രതിസന്ധിയിലായത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 45 കോടിയുടെ മാങ്ങ പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നതില്‍ 18 കോടി കുറ്റിയാട്ടൂര്‍ മാങ്ങയുടെ വിപണനത്തില്‍ നിന്നാണ് ലഭിച്ചതെന്നാണ് കണക്ക്. ഫെബ്രുവരി അവസാനത്തോടെ തുടങ്ങിയ കൊടും ചൂടില്‍ പൂക്കള്‍ പൂര്‍ണമായും കരിഞ്ഞുപോകുകയായിരുന്നു. 300 ഹെക്ടറിലായി ഇവിടെ ഏഴായിരം ടണ്‍ മാങ്ങ ഉത്പാദിപ്പിക്കുന്നുണ്ട്. ഏറ്റവും അടുത്ത കാലത്തായി വിദേശത്തേക്ക് കൂടി കയറ്റിയയക്കുന്ന കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഉത്പാദനത്തെയും ചൂട് തന്നെയാണ് ബാധിച്ചത്.
സംസ്ഥാനത്തിന്റെ വടക്കും തെക്കും മേഖലകളിലുള്ള നാട്ടിന്‍പുറങ്ങളിലെ നാടന്‍ മാവിനങ്ങളില്‍ നിന്നുള്ള മാങ്ങ ഉത്പാദനവും ഇത്തവണ തീര്‍ത്തും ഇല്ലാതായി. തടി ആവശ്യത്തിനായി മാവുകള്‍ മുറിച്ചുമാറ്റിയതുമൂലം നാടന്‍ മാവിനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. കേരളത്തിലെ കാലാവസ്ഥക്കനുസരിച്ച് വളരാന്‍ കഴിവുള്ള ഇത്തരം ഇനങ്ങളില്‍ നിന്ന് നല്ല അളവില്‍ മാങ്ങ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ കൊടും ചൂട് ഇവയെയും പ്രതികൂലമായി ബാധിച്ചു. കേരളത്തിലെ ഉത്പാദനക്കുറവ് കണക്കിലെടുത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മാങ്ങകള്‍ ഇവിടേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തു തുടങ്ങിയിട്ടുണ്ട്.

Latest