Connect with us

Malappuram

മൊബൈലിലൊന്ന് തൊട്ടാല്‍ മതി എല്ലാം വൈറ്റമിന്‍- സി ചെയ്യും

Published

|

Last Updated

SHAHAL

മുഹമ്മദ് സഹല്‍

മലപ്പുറം:ഓഫീസില്‍ നിന്നിറങ്ങി വീട്ടിലെത്തുമ്പോള്‍ ആരുടെയും സഹായമില്ലാതെ ചായയോ കോഫിയോ വേണോ, അതല്ല രാവിലെ കുളിക്കാന്‍ ആരുടെയും സഹായമില്ലാതെ ചുടുവെള്ളം വേണോ, എങ്കില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന കണ്ടുപിടിത്തവുമായി ചര്‍ച്ചയാകുകയാണ് 20 വയസ്സുകാരനും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ മുഹമ്മദ് സഹല്‍. മംഗലാപുരം പി എ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശിയുമായ മുഹമ്മദ് സഹലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഘടിപ്പിക്കുന്ന പ്രത്യേക തരം ഉപകരണത്തിന്‍മേലാണ് ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങള്‍. സ്വന്തമായി രൂപ കല്‍കല്‍പ്പന ചെയ്തുണ്ടാക്കിയ ഈ ഉപകരണത്തിന് വെറും 578 രൂപ മാത്രമാണ് ചെലവ്.

ഇതുവരെ വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിച്ച് മാത്രമേ പാചകം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ സഹല്‍ നിര്‍മിച്ച ഉപകരണത്തിന്‍ മേല്‍ മണ്‍പാത്രം മുതല്‍ ഇരുമ്പ് വരെ ഉപയോഗിച്ച് പാചകം ചെയ്യാം. മാത്രമല്ല മൊബൈല്‍ ഫോണ്‍ ഈ ഉപകരണത്തിന് മീതെ വെച്ചാല്‍ തനിയെ ചാര്‍ജ്ജാകുകയും ചെയ്യും. കൂടാതെ ഇസ്തിരി ഇടാനും സാധിക്കും. പാല്‍ തിളച്ചാല്‍ പതഞ്ഞ് പുറത്ത് പോകുന്നതിന് മുമ്പേ ഓട്ടോമാറ്റിക് സംവിധാനത്തില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഓഫാകും. മാത്രമല്ല പാചകം ചെയ്യുമ്പോള്‍ എത്ര യൂനിറ്റ് വൈദ്യുതിയായി എന്നതും സ്‌ക്രീനില്‍ തെളിയും. ഇങ്ങനെ 29 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഉപകരണം വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

സഹല്‍ നിര്‍മിച്ച വൈറ്റമിന്‍- സി ഉപകരണം

ചെറുപ്പം മുതലേ ഇലക്‌ട്രോണിക്‌സ് വസ്തുക്കളില്‍ തത്പരനായ സഹലിന്റെ ഈ പുതിയ മാതൃകക്ക് മംഗലാപുരംത്ത് നടന്ന ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് പ്രസന്റേഷന്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേറ്റേഴ്‌സ് ആന്‍ഡ് എന്റര്‍പ്രൈസസില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത് കര്‍ണാടകയിലെ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സഹലിന്റെ ഈ പ്രതിഭ തിരിച്ചറിഞ്ഞ ഇന്ത്യയിലെ പ്രധാന രണ്ട് കമ്പനികളുടെ പ്രതിനിധികള്‍ വന്‍ ശമ്പളത്തോടെ ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇതിന്റെ പുതിയ മാതൃക നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സഹല്‍. വൈറ്റമിന്‍ സി എന്ന മൊബൈല്‍ ആപ്ലിക്കേഷന് ഇതിനോടകം പേറ്റന്റ് ലഭിച്ച് കഴിഞ്ഞു. കൂടാതെ വൈറ്റമിന്‍- സി ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൂക്കളൊത്തൂര്‍ സ്വദേശികളായ റിട്ടയേര്‍ഡ് പി ഡബ്ല് യു ഡി ഓവര്‍സിയറായ മുഹമ്മദ് ഹുസൈന്റെയും തോട്ടക്കാട് എ യു പി സ്‌കൂള്‍ അധ്യാപികയായ ജമീലയുടെയും മകനാണ് മുഹമ്മദ് സഹല്‍.

Latest