Connect with us

Kozhikode

എസ് വൈ എസ് ധര്‍മസഞ്ചാരം വ്യാഴാഴ്ച മഞ്ചേശ്വരത്ത് തുടങ്ങും

Published

|

Last Updated

കോഴിക്കോട്: യുവത്വം നാടിന്റെ കരുത്ത് എന്ന സന്ദേശവുമായി എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ധര്‍മസഞ്ചാരത്തിന് ഈ മാസം 24ന് വ്യാഴാഴ്ച്ച മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ 132 സോണുകളില്‍ പര്യടനം നടത്തി ഏപ്രില്‍ 15ന് തിരുവനന്തപുരത്ത് സമാപിക്കും. സുന്നി പ്രസ്ഥാനത്തിന്റെ യുവജന ഘടകമായ എസ് വൈ എസിന്റെ നയരേഖയും കര്‍മപദ്ധതികളും സോണ്‍ തലത്തില്‍ നടക്കുന്ന ധര്‍മസഞ്ചാരത്തില്‍ സംസ്ഥാന നേതാക്കള്‍ അവതരിപ്പിക്കും. യുവത്വത്തിന്റെ കരുത്ത് സമൂഹനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയെന്നതാണ് എസ് വൈ എസ് ലക്ഷ്യമിടുന്നത്. തീവ്ര- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവത്വത്തെ സജ്ജരാക്കുന്നതോടൊപ്പം രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സാമൂഹിക സുരക്ഷിതത്വവും കാത്തുസൂക്ഷിക്കാന്‍ യുവാക്കളെ കര്‍മസജ്ജരാക്കുക എന്ന ലക്ഷ്യവും എസ് വൈ എസ് ധര്‍മ സഞ്ചാരം മുന്നോട്ട് വെക്കുന്നുണ്ട്. ഓരോ സോണ്‍ കേന്ദ്രങ്ങളിലും ധര്‍മസഞ്ചാരത്തോടനുബന്ധിച്ച് പ്രകടനങ്ങളും നടക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സെക്രട്ടറി മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക് എന്നിവരാണ് ധര്‍മസഞ്ചാരത്തിന്റെ സംസ്ഥാനതല കോ- ഓഡിനേറ്റര്‍മാര്‍. സോണ്‍ സ്വീകരണ കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ക്കുപുറമേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം തുടങ്ങിയ സംഘടനകളുടെ നേതാക്കളും സംബന്ധിക്കും.

Latest