Connect with us

International

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

Published

|

Last Updated

പ്യോഗ്യാംഗ്: അമേരിക്കയുടെ ഉപരോധ ഭീഷണികളെ തള്ളി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ജപ്പാന്‍ സമുദ്രത്തിലേക്ക് അഞ്ച് മിസൈലുകള്‍ പരീക്ഷണാര്‍ഥം വിക്ഷേപിച്ചതായി ഉത്തര കൊറിയന്‍ സൈനിക വക്താക്കള്‍ അറിയിച്ചു. ഉത്തര കൊറിയയുടെ ആണവ ഭീഷണികള്‍ നിലനില്‍ക്കെയാണ് മേഖലയില്‍ വീണ്ടും അസ്വസ്ഥതയുണ്ടാക്കുന്ന മിസൈല്‍ പരീക്ഷണം. ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണമാണ് നടത്തിയതെന്ന് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു പരീക്ഷണമെന്നും അവര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി ആറിന് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിന് ശേഷം മേഖലയില്‍ അസ്വസ്ഥത നിലനില്‍ക്കുന്നുണ്ട്. ദക്ഷിണ കൊറിയക്കെതിരെ നിരവധി തവണ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഖ്യരാജ്യമായ ദക്ഷിണ കൊറിയയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക ദ. കൊറിയയുമായി സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഉത്തര കൊറിയ പ്രതികരിച്ചത്. ആണവ പരീക്ഷണം നടന്ന് ഒരു മാസത്തിന് ശേഷം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ മറുപടി നല്‍കിയത്. ഇതോടെ ശക്തമായ ഉപരോധം കൊണ്ടുവരണമെന്ന് ദക്ഷിണ കൊറിയ യു എന്നിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടുത്തിടെ, അമേരിക്കക്കും ദക്ഷിണ കൊറിയക്കും നേരെ ആണവ ആക്രമണം നടത്തുമെന്ന് വരെ ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു.

Latest